 
തൃശൂർ: ഇന്ത്യൻ കോഫി ഹൗസ് തിരഞ്ഞെടുപ്പിൽ സി.ഐ.ടി.യു നേതൃത്വം നൽകിയ സംരക്ഷണ സമിതിക്ക് തിരിച്ചടി. കഴിഞ്ഞ 18 വർഷമായി കോഫി ഹൗസ് ഭരണം കൈയാളുന്ന തൊഴിലാളികളുടെ കൂട്ടായ്മയായ തൊഴിലാളി സഹകരണ വേദി ഭരണം നിലനിറുത്തി. തൊഴിലാളി സഹകരണ വേദിയിലെ 13 അംഗ പാനലിലെ മുഴുവൻ പേരും വിജയിച്ചു.
പാനലിലെ എല്ലാവർക്കും 900ലേറെ വോട്ടുകൾ ലഭിച്ചപ്പോൾ എതിർ പാനലിൽ വനിതാ സംവരണത്തിൽ മത്സരിച്ച പി.എൻ. ഷിജി നളിനാക്ഷനാണ് (679) എറ്റവും കൂടുതൽ വോട്ട് ലഭിച്ചത്. കഴിഞ്ഞ തവണ ഒറ്റയ്ക്ക് മത്സരിച്ച സി.ഐ.ടി.യു ഇത്തവണ സംരക്ഷണ മുന്നണി ഉണ്ടാക്കിയായിരുന്നു രംഗത്തിറങ്ങിയത്. അതേസമയം നിലവിലെ ഭരണസമിതിയുടെ പാനലിന് കഴിഞ്ഞ തവണ 1200നും 1250നും ഇടയിൽ വോട്ട് ലഭിച്ചത് ഇത്തവണ ആയിരത്തിന് താഴെയായി.
കഴിഞ്ഞ തവണ സി.ഐ.ടി.യുവിന് പരമാവധി ലഭിച്ചത് 423 വോട്ടായിരുന്നു. ഇത് എഴുന്നൂറിന് അടുത്തേക്കെത്താൻ കഴിഞ്ഞു. കോഫി ഹൗസ് ഭരണം പിടിച്ചെടുക്കാൻ സി.പി.എമ്മിന്റെയും സി.ഐ.ടി.യുവിന്റെയും സംസ്ഥാന നേതാക്കൾ വരെ വോട്ടർമാരുടെ വീടുകളിൽ പ്രചാരണത്തിന് എത്തിയിരുന്നു. കഴിഞ്ഞ കുറെ നാളുകളായി നിലവിലെ ഭരണസമിതിയുമായി സി.ഐ.ടി.യു ഇടഞ്ഞുനിൽക്കുകയാണ്.
കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്ത് ഒരു തവണ അഡ്മിനിസ്‌ട്രേറ്റർ ഭരണം ഏർപ്പെടുത്തിയെങ്കിലും ഹൈക്കോടതിയെ സമീപിച്ച് തിരഞ്ഞെടുപ്പ് നടത്തിയാണ് സഹകരണ വേദി അധികാരത്തിലെത്തിയത്. ഇക്കുറിയും തിരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടുപോയി അഡ്മിനിസ്‌ട്രേറ്റർ ഭരണം കൊണ്ടുവരാൻ ശ്രമമുണ്ടായെങ്കിലും ഭരണസമിതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കാൽഡിയൻ സ്‌കൂളിൽ കനത്ത പൊലീസ് സുരക്ഷയിലാണ് തിരഞ്ഞെടുപ്പ് നടന്നത്. തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള സ്ഥങ്ങളിലെ കോഫി ഹൗസുകളിലെ തൊഴിലാളികളാണ് അംഗങ്ങൾ.
ആകെ വോട്ടർമാർ - 1978
പോൾ ചെയ്തത് - 1701
എസ്. അജിത്ത് കുമാർ(968), എസ്.എസ്. അനിൽകുമാർ(996), ബിജു കാറൽമണ്ണ (935), എം. ബിജു ജോർജ് (978), എസ്. ബിനേഷ് (923), കെ.സി. ശ്യാംലാൽ (920), സി.എസ്. ഷാബു (957), ജി. ഷിബു (972), കെ.പി. സുധി (919), പി. ചന്ദ്രലേഖ (991), എസ്. വിജിത (971), എസ്.ജെ. സുചിത്രറാണി (905), കെ.കെ. രാജീവ് (967) എന്നിവരാണ് തൊഴിലാളി സഹകരണ വേദി പാനലിൽ നിന്ന് വിജയിച്ചത്.