train

തൃശൂർ: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ സാമൂഹിക വിരുദ്ധർ കല്ലെറിഞ്ഞു. യാത്രക്കാരിക്ക് പരിക്കേറ്റു. മാറ്റാംപുറം കഴുകയേൽ താഴത്ത് വീട്ടിൽ ഷിഗിലിന്റെ ഭാര്യ സുസ്മിതയ്ക്കാണ് (24) പരിക്കേറ്റത്. ഞായറാഴ്ച രാത്രി 8.15ഓടെ തിരുവനന്തപുരം കണ്ണൂർ ജനശതാബ്ദിക്ക് (12082) നേരെ നെല്ലായി ഭാഗത്താണ് കല്ലേറുണ്ടായത്. രാമവർമ്മപുരം ഗവ. ഹിന്ദി ടീച്ചേഴ്‌സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുന്ന സുസ്മിത സഹപാഠികൾക്കൊപ്പം പഠന വിനോദയാത്ര കഴിഞ്ഞ് തിരുവനന്തപുരത്ത് നിന്നും തൃശൂരിലേക്ക് വരുന്നതിനിടെയാണ് കല്ലേറുണ്ടായത്. റെയിൽവേ ട്രാക്കിന് സമീപം കൂട്ടിയിട്ട മെറ്റൽ ഉപയോഗിച്ച് കല്ലെറിഞ്ഞവർ ഓടിപ്പോകുകയായിരുന്നു. ജനലിന്റെ ഭാഗത്ത് ഇരിക്കുകയായിരുന്ന സുസ്മിതയുടെ താടിയിൽ കല്ല് പതിക്കുകയായിരുന്നു. തൃശൂർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. പരിക്ക് സാരമല്ല.