
സംസ്ഥാനത്തെ ലഹരിപദാർത്ഥങ്ങളുടെ വിതരണവും ഉപയോഗവും വ്യാപനവും തടയാൻ പൊലീസ് രൂപം നൽകിയ പദ്ധതിയായ യോദ്ധാവിലേക്ക് കഴിഞ്ഞമാസം ആറുമുതൽ 31 വരെ പൊലീസിന് രഹസ്യവിവരം കൈമാറിയത് 1131 പേർ. പൊലീസിനോ എക്സൈസിനോ ഒരിക്കലും ഒറ്റയ്ക്ക് നേരിടാൻ കഴിയുന്ന ഒരു ശത്രുവല്ല ലഹരിക്കടത്ത് സംഘങ്ങൾ. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള കൊടുംക്രിമിനലുകൾ മുതൽ സ്കൂൾ വിദ്യാർത്ഥികൾ വരെ പ്രതിസ്ഥാനത്തുള്ള കേസുകൾ നേരിടാൻ സമൂഹം ഒന്നാകെ രംഗത്തിറങ്ങണം.
ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ, ഫോട്ടോ, വീഡിയോ, ടെക്സ്റ്റ്, വോയ്സ് എന്നിവയാണ് വാട്സ് ആപ്പ് നമ്പറിലൂടെ പൊലീസിന് കൈമാറുന്നത്.
മയക്കുമരുന്നിന്റെ ഉപയോഗവും കടത്തും സംബന്ധിച്ച വിവരങ്ങൾ സ്വകാര്യമായി പങ്കുവയ്ക്കാനാകുന്ന ഹെൽപ് ലൈൻ നമ്പർ നൽകിയിരുന്നു. 9995966666 എന്ന ഈ നമ്പറിലേക്ക് വിളിച്ചുസംസാരിക്കാനാകില്ല. എന്നാൽ വിവരങ്ങൾ നൽകാം. ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ആന്റി നർക്കോട്ടിക് ക്ലബ്ബുകൾ ആരംഭിച്ചിട്ടുണ്ട്. വിദ്യാലയ മേധാവിമാരെ ചെയർമാൻമാരാക്കി ഒരു അദ്ധ്യാപകനെ യോദ്ധാവായി തിരഞ്ഞെടുത്താണ് പ്രവർത്തനം.
വിദ്യാർത്ഥികളും പി.ടി.എ പ്രതിനിധികളും ക്ലബ്ബിന്റെ ഭാഗമാണ്. ഇവർക്ക് പ്രത്യേക പരിശീലനം നൽകുന്നുണ്ട്. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കായി സ്റ്റേഷൻതലത്തിലും ഒരു പൊലീസ് ഉദ്യോഗസ്ഥനെ നിയോഗിച്ചിട്ടുണ്ട്.
ഏറ്റവും കൂടുതൽ
വിവരങ്ങൾ ലഭിച്ചത്
മലപ്പുറം ജില്ലയിൽ നിന്നാണ് 144 പേർ.
തിരുവനന്തപുരം റൂറൽ-104,
ആലപ്പുഴ-76, തിരുവനന്തപുരം സിറ്റി- 54, കൊല്ലം സിറ്റി- 49 എന്നിങ്ങനെയാണ് വിവരം ലഭിച്ചത്.
ഇടുക്കി-34, വയനാട്- 19, കണ്ണൂർ റൂറൽ- 10, കാസർകോട്- 27 എന്നിങ്ങനെയാണ് കുറവ് വിവരങ്ങൾ ലഭിച്ച ജില്ലകൾ .
മൊത്തക്കച്ചവടക്കാരെ
കുടുക്കും
പിടികൂടുന്നവരിൽ ഏറെയും മയക്കുമരുന്ന് ഉപയോഗിക്കുന്നവരും ചില്ലറ വിൽപ്പനക്കാരുമായതിനാൽ മയക്കുമരുന്ന് മൊത്തക്കച്ചവടക്കാർ തഴച്ചുവളരുമെന്ന് തിരിച്ചറിഞ്ഞ് അവരെ പിടികൂടാനുള്ള തീവ്രശ്രമത്തിലാണ് പൊലീസ്. ഇതിന്റെ ഭാഗമായാണ് സുഡാൻ, പാലസ്തീൻ സ്വദേശികളെ തൃശൂരിലെ പൊലീസ് കഴിഞ്ഞദിവസം പിടികൂടിയതും.
പഠിക്കാനായി സുഡാൻ, നൈജീരിയ, പാലസ്തീൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നെത്തുന്നവരാണ് മയക്കുമരുന്നിന്റെ മൊത്തക്കച്ചവടക്കാർ. പഠനം കഴിഞ്ഞാൽ പണം സമ്പാദിക്കാനായി മയക്കുമരുന്ന് കടത്തിലേക്ക് തിരിയും. വിദ്യാർത്ഥികളും ഈ സംഘത്തിൽ പെടുന്നുണ്ട്. കണ്ടെയ്നറുകളിലും വിമാനങ്ങളിലുമായി രാസവസ്തുക്കൾ എത്തിച്ച് ബംഗളൂരുവിലും ചെന്നൈയിലും ഡൽഹിയിലും അടക്കം എം.ഡി.എം.എ അടക്കമുള്ള മയക്കുമരുന്നുകൾ നിർമ്മിക്കുന്നുണ്ടെന്നാണ് വിവരം. സ്വന്തം രാജ്യങ്ങളിൽ നിന്ന് കൊണ്ടുവരുന്നുമുണ്ട്. പിടിയിലാകുന്ന ഭൂരിഭാഗം പേർക്കും മയക്കുമരുന്ന് നിർമ്മിക്കാനും അറിയാം. പ്രത്യേക സ്ക്വാഡിനെ ഉപയോഗിച്ച് ബംഗളൂരുവിലും ചെന്നൈയിലും ഡൽഹിയിലും അരിച്ചുപെറുക്കാനാണ് പൊലീസിന്റെ നീക്കം. ലഹരിയുടെ മൊത്തക്കച്ചവടക്കാരുടെ വേരറുക്കുന്നതോടെ ലഹരിക്കടത്ത് ചെറുക്കാനാകുമെന്നാണ് പൊലീസ് കരുതുന്നത്.
അറസ്റ്റിലായവർ
കാൽലക്ഷം
കേരളത്തിലെ ലഹരി ഉപയോഗം സംബന്ധിച്ച് ഈ വർഷം10 മാസം വരെയുള്ള കണക്കെടുത്തപ്പോൾ അറസ്റ്റിലായവർ 24,962 പേരായിരുന്നു. കേസുകൾ എടുത്തത് 22,606 പേർക്കെതിരേയും.
കൂടുതൽ കേസുകൾ എറണാകുളം(3030) ജില്ലയിലായിരുന്നു. രണ്ടാമത് തിരുവനന്തപുരം(2853), മൂന്നാമത് കൊല്ലം (2354).
ഏറ്റവും കുറവ് പത്തനംതിട്ട(501)യിലായിരുന്നു. കൂടുതൽ പേർ അറസ്റ്റിലായത് എറണാകുളത്തായിരുന്നു (3386)
രണ്ടാമത് തിരുവനന്തപുരവും(3007) മൂന്നാമത് മലപ്പുറവും(2669). അറസ്റ്റിലായവരിൽ കുറവ് റിപ്പോർട്ട് ചെയ്തതും പത്തനംതിട്ട(500) ജില്ലയിലായിരുന്നു.
കഞ്ചാവ് പിടിച്ചെടുത്തത് 2751.91 കിലോഗ്രാമാണെങ്കിൽ എം.ഡി.എം.എ 14.29 കിലോഗ്രാമായിരുന്നു.
ഹാഷിഷ് 2.10 കിലോഗ്രാം, ഹെറോയിൻ: 1.04 കിലോഗ്രാം, ഹാഷിഷ് ഓയിൽ 35.82 കിലോഗ്രാം എന്നിങ്ങനെയായിരുന്നു കണക്ക്.
ഓൺലൈൻ
വഴി?
ഓൺലൈൻവഴി ഓർഡർ നൽകിയാൽ മരുന്നെത്തുമെന്നതാണ് മറ്റൊരു പ്രധാന പ്രശ്നം. മയക്കാനുപയോഗിക്കുന്ന പല മരുന്നുകളും ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ തന്നെ കിട്ടും. നിരോധിച്ചമയക്കുമരുന്ന് പട്ടികയിൽ ഇതൊന്നും ഇല്ലാത്തതിനാൽ കേസെടുക്കാൻ പൊലീസിനോ എക്സൈസിനോ കഴിയില്ല. ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന മരുന്നുകളാണിത്. മാനസിക നിലയെ മാത്രമല്ല മിക്ക അവയവങ്ങളെയും ബാധിക്കുന്ന മരുന്നുകൾ മരണത്തിനും കാരണമാകാം.