karun1

തൃശൂർ: ജോലിക്കും പാട്ടിനുമൊപ്പം തൃശൂർ പാട്ടുരായ്ക്കൽ സ്വദേശി കരുൺ (കരുണാകരൻ) ലോകകപ്പ് ഫുട്‌ബോളിനെക്കുറിച്ചുള്ള 'കിക്കോഫ് വിത്ത് കരുൺ' വീഡിയോ ഷോയുമായി ദോഹയിൽ താരമാകുന്നു. റേഡിയോ ഒലിവ് സുനോ നെറ്റ് വർക്കുമായി ചേർന്ന് സോഷ്യൽ മീഡിയയിൽ അവതരിപ്പിക്കുന്ന ഷോ ഫുട്‌ബോൾ പ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റി. എട്ട് എപ്പിസോഡുകൾ പിന്നിട്ട ഷോയിൽ ടീമുകളെയും കളിക്കാരെയും പരിചയപ്പെടുത്തുന്നു.

കളി തുടങ്ങുമ്പോൾ വിജയസാദ്ധ്യത വിശകലനം ചെയ്യും. ഷോയുടെ സ്ക്രിപ്റ്റും അവതരണവും കരുൺ തന്നെ. എട്ട് ഗ്രൂപ്പുകളിലായി ഖത്തർ ഉൾപ്പെടെ 17 ടീമുകളെയാണ് ഗ്രാഫിക്‌സുകളുടെ സഹായത്തോടെ വ്യത്യസ്തമായി പരിചയപ്പെടുത്തുന്നത്. കേരളവർമ്മ കോളേജിൽ പി.ജിക്കു ശേഷം 1990ൽ ഖത്തറിലെത്തിയ കരുൺ യോഖോമ ടയേഴ്‌സിന്റെ മാനേജരാണ്. ഏഴ് വർഷം കോളേജ് ക്രിക്കറ്റ് ടീം അംഗമായിരുന്നു. ഗായകൻ കൂടിയായ കരുൺ തൃശൂരിലെ നൊമാഡ്‌സ് മ്യൂസിക് ബാൻഡിന്റെ സ്ഥാപകാംഗമാണ്.

ഖത്തറിലെ കുട്ടികൾക്കായി ഇംഗ്‌ളണ്ടിലെ ചെൽസ ഫൗണ്ടേഷനിലെ ബ്രിട്ടീഷ് കോച്ചുമാരെ കൊണ്ടുവന്ന് രണ്ടു വർഷം തുടർച്ചയായി പരിശീലനം നൽകിയിരുന്നു. ചെൽസി ഫാനും ചെൽസി ഫാൻസ് ഖത്തർ ഘടകത്തിലെ അംഗവുമാണ്. ഭാര്യ ബിന്ദു. മക്കൾ: ഗായത്രി (സംഗീത അദ്ധ്യാപിക), ഗൗരി (വിദ്യാർത്ഥി).