flash

തൃശൂർ: ശിശുദിനത്തോട് അനുബന്ധിച്ച് വിവിധ സ്‌കൂളുകളുടെ ആഭിമുഖ്യത്തിൽ വിപുലവും വൈവിദ്ധ്യവുമായ പരിപാടികൾ നടത്തി. ലഹരിക്കെതിരെ ബോധവത്കരണവുമായാണ് തൃശൂർ സെന്റ് മേരീസ് കോളേജ് വിദ്യാർത്ഥിനികൾ ജില്ലാ ശിശുസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് മുറ്റത്ത് ഫ്‌ളാഷ് മോബ് അവതരിപ്പിച്ചത്. സബ് കളക്ടർ മുഹമ്മദ് ഷഫീഖ് ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരെയുള്ള പോരാട്ടം ഈ കാലഘട്ടത്തിൽ അനിവാര്യമാണെന്നും ശിശു ദിനാഘോഷം ഇത്തരം പോരാട്ടങ്ങൾക്കുള്ള വേദിയാകട്ടെ എന്നും അദ്ദേഹം പറഞ്ഞു. ശിശുദിന വാരാഘോഷ പരിപാടികളുടെ ഫ്‌ളാഗ് ഒഫ് അസിസ്റ്റന്റ് കളക്ടർ വി.എം.ജയകൃഷ്ണൻ നിർവഹിച്ചു. 20 വരെയാണ് ശിശുദിന വാരാഘോഷം. ജില്ലാ ഭരണകൂടം, ശിശുക്ഷേമ സമിതി, പൊതുവിദ്യാഭ്യാസ വകുപ്പ്, തൃശൂർ കോർപ്പറേഷൻ, ജില്ലാ പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ശിശുദിനറാലി നടത്തി.