lal-

തൃശൂർ: ജനകീയ പങ്കാളിത്തത്തോടെ, മലയോര മേഖലയിൽ ആദ്യമായി നിർമ്മിച്ചതെന്ന ഖ്യാതിയോടെ പട്ടിലുംകുഴിയിൽ ടർഫ് ഫുട്ബാൾ കോർട്ട് തുറന്നു. നാടും നഗരവും ലോകകപ്പ് ഫുട്ബാൾ ആവേശത്തിലായിരിക്കെ, ചലച്ചിത്ര സംവിധായകൻ ലാൽ ജോസ് ഉദ്ഘാടനം ചെയ്തു. ഇച്ഛാശക്തിയും കഠിനാദ്ധ്വാനവും ഇഴ ചേർത്ത പട്ടിലുംകുഴിയിലെ ജനങ്ങളുടെ കൂട്ടായ്മ കേരളത്തിന് മാതൃകയാണെന്ന് ലാൽ ജോസ് പറഞ്ഞു.

ജനകീയ ക്ലബ്ബിന്റെ ആശയം അവതരിപ്പിക്കുകയും നടപ്പിലാക്കുന്നതിന് മുൻകൈയെടുക്കുകയും ചെയ്ത പൊതുപ്രവർത്തകനായ ഷാജി കോടങ്കണ്ടത്തിനെ ലാൽ ജോസ് അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. നൂറോളം അംഗങ്ങളുള്ള പട്ടിലുംകുഴി ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സുമനസുകളുടെ സഹായത്തിൽ 40 ലക്ഷം രൂപ സമാഹരിച്ചാണ് കോർട്ട് നിർമ്മിച്ചത്.

31 മീറ്റർ നീളവും 20 മീറ്റർ വീതിയുമുള്ള ഫുട്ബാൾ കോർട്ടിൽ വിയറ്റ്‌നാമിൽ നിന്ന് കൊണ്ടുവന്ന അത്യാധുനിക രീതിയിലുള്ള ടർഫ് വിരിച്ചിരുന്നു. ഷാജി കോടങ്കണ്ടത്ത് കോ ഓർഡിനേറ്ററും, റിട്ട. ഡെപ്യൂട്ടി കളക്ടർ കെ.ഗംഗാധരൻ, നാടക പ്രവർത്തകൻ യാക്കോബ് പയ്യപ്പിള്ളി എന്നിവരുടെ നേതൃത്വത്തിൽ നൂറോളം പേർ ചേർന്ന് രൂപീകരിച്ച പട്ടിലുംകുഴി ക്ലബ് അംഗങ്ങളാണ് ക്ലബ്ബിനായുള്ള എല്ലാ ജോലികളും ചെയ്തത്.

എം.എൽ.എമാരായ സനീഷ് കുമാർ ജോസഫ്, പി.വി.ശ്രീനിജൻ എന്നിവർ വിശിഷ്ടാതിഥികളായി. ക്ലബ്ബിന് സ്ഥലം വിട്ടു നൽകിയവരെയും ഫുട്ബാൾ മേഖലയ്ക്ക് സംഭാവനകൾ നൽകിയവരെയും അനുമോദിച്ചു. ഇസാഫ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോർജ് തോമസ്, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.കെ.രമേഷ്, ബാബു തോമസ്, ഷൈജു കുര്യൻ, ജോർജ് പൊടിപ്പാറ, ക്ലബ്ബ് രക്ഷാധികാരികളായ കെ.ഗംഗാധരൻ, യാക്കോബ് പയ്യപ്പിള്ളി, ക്ലബ്ബ് ഭാരവാഹികളായ അജിത് ജേക്കബ് ശ്യാം മോഹൻ, പി.ഡി.വിൻസന്റ്, ആൻവിൻ വില്യംസ് എന്നിവർ പങ്കെടുത്തു.