
തൃശൂർ: അയ്യായിരത്തിലധികം കുട്ടികൾ പങ്കെടുത്ത വർണ്ണശബളമായ ശിശുദിന റാലിയോടെ ശിശുദിനം ആഘോഷിച്ചു. സി.എം.എസ് സ്‌കൂളിൽ നിന്ന് ആരംഭിച്ച ശിശുദിന റാലി മേയർ എം.കെ.വർഗീസ് ഫ്‌ളാഗ് ഒഫ് ചെയ്തു. കുട്ടികളുടെ പ്രധാനമന്ത്രി ആരാധ്യ പ്രതാപ് നയിച്ച ശിശുദിന റാലി സംഗീത നാടക അക്കാഡമി റീജ്യണൽ തിയേറ്ററിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ പി.കെ.ഡേവിസ് സ്വീകരിച്ചു. കളക്ടർ ഹരിത വി.കുമാർ ശിശുദിന സന്ദേശം നൽകി.
ജില്ലാ ഭരണകൂടം, ജില്ലാ ശിശുക്ഷേമ സമിതി, തൃശൂർ കോർപറേഷൻ, ജില്ലാ പഞ്ചായത്ത്, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയുക്ത അഭിമുഖ്യത്തിലാണ് ശിശുദിനാഘോഷ പരിപാടികൾ നടത്തിയത്. കുട്ടികളുടെ പ്രസിഡന്റ് സി.യു മാളവിക അദ്ധ്യക്ഷത വഹിച്ച സമ്മേളനം കുട്ടികളുടെ പ്രധാനമന്ത്രി ആരാധ്യ പ്രതാപ് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സ്പീക്കർ മിൻസാ മാർട്ടിൻ, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ടി.വി.മദനമോഹനൻ, പി.എൻ അയന, എം.എൻ സുധാകരൻ മാസ്റ്റർ, ചെല്ലപ്പൻ മാസ്റ്റർ, എം.കെ പശുപതി മാസ്റ്റർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.