കോടാലി : മുരിക്കുങ്ങൽ എ.ആർ.ഡി 196-ാം നമ്പർ റേഷൻ കടയിൽ ഒരു മാസത്തോളമായി റേഷൻ വിതരണം നടക്കുന്നില്ലെന്ന് പരാതി. കരിക്കടവ് ആദിവാസി കോളനിവാസികൾ ഉൾപ്പടെയുള്ള 683 കാർഡ് ഉടമകൾ റേഷൻ വാങ്ങാനെത്തുന്ന കടയിലാണ് വിതരണം മുടങ്ങിയത്. കഴിഞ്ഞ മാസത്തെ റേഷൻ രണ്ടാം അലോട്ട്‌മെന്റും ഈ മാസത്തെ ഒന്നാം അലോട്ട്‌മെന്റും കടയിൽ ഇറക്കിയിട്ടില്ല. റേഷൻ ഇറക്കുന്ന ചുമട്ടുതൊഴിലാളികളും ലൈസൻസിയുമായുള്ള കൂലിത്തർക്കമാണ് കടയിൽ റേഷൻ വസ്തുക്കൾ ഇറക്കുന്നതിന് തടസമായത്. പഞ്ചായത്തിലെ മറ്റു റേഷൻ കടകളിൽ നൽകുന്ന കൂലിയിലും കുറവാണ് മുരിക്കുങ്ങലിലെ കടയിൽ നൽകുന്നതെന്ന് പറയുന്നു. ഏറെ നാളായി തൊഴിലാളികൾ കൂലി വർദ്ധനവ് ആവശ്യപ്പെടുന്നു. പ്രശ്‌നം പരിഹരിക്കാൻ പഞ്ചായത്തും സപ്ലൈ ഓഫീസും ലേബർ ഓഫീസും ഇടപെടുന്നില്ലെന്നും അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പഞ്ചായത്ത് അംഗം ലിന്റോ പള്ളിപ്പറമ്പൻ കളക്ടർക്ക് പരാതി നൽകി.