
തൃശൂർ: ലോക് സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പോസ്റ്റർ ഒട്ടിക്കുന്നത് സംബന്ധിച്ച് രാഷ്ട്രീയ പ്രവർത്തകർ തമ്മിലുണ്ടായ തർക്കത്തെ തുടർന്നുണ്ടായ അക്രമത്തിൽ ഒന്നും രണ്ടും പ്രതികൾക്ക് 3 വർഷവും 3 മാസവും തടവിനും 2000 രൂപ വീതം പിഴയടയ്ക്കാനും ശിക്ഷ വിധിച്ചു.
ചേർപ്പ് മുത്തുള്ളിയാൽ മരുത്തടത്തിൽ സുവീഷ്‌കുമാർ (32), മരുത്തടത്തിൽ ഷാൻ (27) എന്നിവർക്കാണ് ശിക്ഷ വിധിച്ചത്.
മൂന്ന് മുതൽ ആറ് വരെ പ്രതികളായ വെളുത്തേടത്ത് അജീഷ് (35), ചൂരക്കുളം നിഷാദ് (34), അമ്പുവളപ്പിൽ സുജിത്ത് (38) എന്നിവരെ 2 വർഷവും 9 മാസവും തടവിനും 2000 രൂപ വീതം പിഴയടക്കാനും തൃശൂർ രണ്ടാം അഡീഷണൽ അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് വി.ജി.ബിജു ശിക്ഷിച്ചു. പിഴയടയ്ക്കാത്ത പക്ഷം ഒരു മാസം അധികം തടവ് അനുഭവിക്കണം.
പിഴയടയ്ക്കുന്ന പക്ഷം പിഴത്തുക പരിക്കേറ്റ പ്രവീണിന് നൽകാനും വിധിയിൽ പറഞ്ഞിട്ടുണ്ട്. 2014 മാർച്ച് 30 ന് രാത്രി 10ന് ചേർപ്പ് മുത്തുള്ളിയാൽ ജംഗ്ഷനിലായിരുന്നു സംഭവം. പോസ്റ്റർ പതിക്കുകയായിരുന്ന രാഷ്ട്രീയപാർട്ടി പ്രവർത്തകരായ മുത്തുള്ളിയാൽ മരുത്തടത്തിൽ പ്രവീൺ, മരുത്തടത്തിൽ ബിനു, കറപ്പംവീട്ടിൽ ഫൈസൽ, വലിയകത്ത് നിഷാദ് എന്നിവരെ പ്രതികൾ ഇരുമ്പ് പൈപ്പും, വാളും ഉപയോഗിച്ച് അക്രമിക്കുകയായിരുന്നു. അക്രമത്തിൽ പ്രവീണിന് ഗുരുതരമായ പരിക്കേറ്റു. തുടർന്ന് സഹപ്രവർത്തകർ പരിക്കേറ്റവരെ കൂർക്കഞ്ചേരി എലൈറ്റ് ആശുപത്രിയിലും ജില്ലാ സഹകരണ ആശുപത്രിയിലുമെത്തിക്കുകയായിരുന്നു. കേസിൽ പ്രോസിക്യൂഷനായി പബ്ലിക്ക് പ്രോസിക്യൂട്ടർ കെ.എൻ.വിവേകാനന്ദൻ, അഭിഭാഷകരായ രചന ഡെന്നി, കെ.കെ.ശിശിര, പഞ്ചമി പ്രതാപൻ എന്നിവർ ഹാജരായി.