ആയുഷ് ആയുർവേദ ആശുപത്രി നർമ്മാണം നടക്കുന്ന സ്ഥലം ടി.ജെ. സനീഷ്‌കുമാർ എം.എൽ.എയും സംഘവും സന്ദർശിക്കുന്നു.
ചാലക്കുടി: പത്മഭൂഷൻ വൈദ്യഭൂഷണം രാഘവൻ തിരുമുൽപ്പാട് സ്മാരക ആയുഷ് ആയുർവേദ ആശുപത്രിയുടെ നിർമ്മാണം നാൽപ്പത് ശതമാനം പൂർത്തിയായെന്ന് അവലോകന യോഗത്തിൽ വിലയിരുത്തൽ. കോസ്‌മോസ് ക്ലബ്ബിന് സമീപം മൂന്ന് നിലകളിലായി നിർമ്മിക്കുന്ന ആശുപത്രി കെട്ടിടത്തിന്റെ സ്ട്രക്ചർ നിർമ്മാണം പൂർത്തിയായതായും തുടർ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാകുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ യുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചാലക്കുടി റസ്റ്റ് ഹൗസിലെ യോഗത്തിന് ശേഷം നിർമ്മാണ സ്ഥലവും സന്ദർശിച്ചു. കെട്ടിട നിർമ്മാണം പൂർത്തിയാകുന്ന മുറയ്ക്ക് ആശുപത്രി പ്രവർത്തനക്ഷമമാക്കുന്നതിനാവശ്യമായ സ്ഥിരം തസ്തികകൾ സൃഷ്ടിക്കുവാനുള്ള നടപടികൾ ആരംഭിയ്ക്കാൻ എം.എൽഎ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ആശുപത്രി നിർമ്മാണത്തിനായി ആവശ്യപ്പെട്ട അഞ്ച് സെന്റ് സ്ഥലം കൂടി കൈമാറുന്നതിനുള്ള നടപടികൾ പരോഗമിയ്ക്കുകയാണെന്ന് നഗരസഭയും അറിയിച്ചു.
നഗരസഭ കൗൺസിലർമാരായ കെ.വി. പോൾ, ബിജു എസ്. ചിറയത്ത്, ഷിബു വാലപ്പൻ, ലിബി ഷാജി, ജോജി കാട്ടാളൻ, ആയുർവേദ ഡി.എം.ഒ: ഡോ. സലജകുമാരി, ആയുഷ് ഡി.പി.എം: ഡോ. എം.എസ്. നൗഷാദ്, എൻ.എച്ച്.എം എൻജിനിയർ പോൾസി, ഡോ. സ്മിത ഷാജൻ തുടങ്ങിയവർ പങ്കെടുത്തു.
നിർമ്മാണം 11 കോടി രൂപ ചെലവിൽ
ചാലക്കുടി നഗരസഭ ഭാരതീയ ചികിത്സാ വകുപ്പിന് കൈമാറിയ 60 സെന്റ് സ്ഥലത്ത് 11 കോടി രൂപ ചെലവിലാണ് നിർമ്മാണം നടത്തുന്നത്.
ആയുർവേദ നേത്ര ചികിത്സയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള ആശുപത്രിയിൽ നേത്ര ചികിത്സയ്ക്ക് 30 കിടക്കകളും ജനറൽ വിഭാഗത്തിന് 10 കിടക്കകളും യോഗ, പ്രകൃതി ചികിത്സാ വിഭാഗത്തിന് 10 കിടക്കകളും ഉൾപ്പെടെ ആകെ 50 പേർക്ക് കിടത്തിച്ചികിത്സാ സൗകര്യം ഉണ്ടായിരിക്കും.