
ചാലക്കുടി: രോഗങ്ങൾ തളർത്തിയെങ്കിലും വിധിയോട് പൊരുതി കളരിയാശാൻ മത്തായി ലോകകപ്പ് ഫുട്ബാൾ മത്സരം കാണാൻ ഖത്തറിലേക്ക്. ഒരു വർഷം മുമ്പുണ്ടായ വീഴ്ചയിൽ കാലിന് സംഭവിച്ച തളർച്ചയെ വകവയ്ക്കാതെയാണ് ചെങ്ങിനിമറ്റം മത്തായി ആശാൻ (72) നോർത്ത് ചാലക്കുടിയിലെ വീട്ടിൽ നിന്നും യാത്ര തിരിക്കുന്നത്.
കൊട്ടിക്കലാശം വരെ ഖത്തറിലെ വിവിധ സ്‌റ്റേഡിയങ്ങൾ കയറിയിറങ്ങി കളി കാണും. കഴിഞ്ഞ പത്ത് വർഷമായി സ്വന്തം കമ്പനി നടത്തുന്ന മകൻ അരുണാണ് അപ്പച്ചനടക്കം അഞ്ച് പേരെ ലോകകപ്പ് ഫുട്ബാളിന് കൊണ്ടുപോയത്. ഫുട്ബാളിനെ ജീവനുതുല്യം സ്‌നേഹിച്ച ആശാന്റെ ജീവിതം ചാലക്കുടിയുടെ കായികരംഗത്തിന്റെ നേർച്ചക്കാഴ്ചയാണ്. ഗവ.ബോയ്‌സ് സ്‌കൂളിലെ പഠനകാലത്ത് പുത്തുപറമ്പ് മൈതാനിയിൽ കാൽപ്പന്തിന് പിന്നാലെയായിരുന്നു. പിന്നീട് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ മികച്ച കളിക്കാരനായി.
യൂണിവേഴ്‌സിറ്റി ടീം സെലക്‌ഷനിടെ കാലൊടിഞ്ഞ് കിടപ്പിലായി. പൂർവ സ്ഥിതിയിലെത്തിയെങ്കിലും 1975ൽ അത്യപൂർവ രോഗമായ ഗില്ലൻ ബാരി സിൻഡ്രം ശരീരത്തെ തളർത്തി. പക്ഷേ കായിക മനസ് വിധിക്ക് കീഴടങ്ങാൻ കൂട്ടാക്കിയില്ല. നിരന്തര കായിക പരിശീലനത്തിലൂടെ ഉയർത്തെഴുന്നേറ്റു. ചാലക്കുടി ഐ.ടി.ഐയിൽ ജോലി കിട്ടിയെങ്കിലും ശരീരത്തിന്റെ തളർച്ച അകറ്റുന്നതിന് കളരിയിൽ ചേർന്നു. പിന്നീട് അതിന്റെ ആശാനായി. നഗരത്തിലെ ഫുട്ബാൾ ക്ലബ്ബുകളുടെ അമരക്കാരനായി. തൃശൂരിലെ മഹാത്മ സോക്കർ ഫുട്ബാൾ ക്ലബ്ബിന് രൂപം കൊടുക്കൽ, നിരവധി ടൂർണമെന്റുകൾ സംഘടിപ്പിക്കൽ അങ്ങനെ നീളുന്നു മത്തായിയുടെ കായിക പ്രേമം. ഒരിക്കലെങ്കിലും ലോക കപ്പ് മത്സരം കാണണമെന്ന മോഹമാണ് ഇപ്പോൾ സാദ്ധ്യമായതെന്ന് മത്തായി പറഞ്ഞു. കാലിനുണ്ടായ ബലക്ഷയം നടത്തത്തിന് തടസമുണ്ടാക്കുന്നുണ്ടെങ്കിലും വിമാനം, ഖത്തർ സ്‌റ്റേഡിയങ്ങളിലേക്കുള്ള യാത്രകളിൽ താങ്ങായി ഭാര്യ ലിസിയുമുണ്ട്.