 
വലപ്പാട് ജി.ഡി.എം.എൽ.പി സ്കൂളിൽ പുനർനിർമ്മിച്ച ഹരിത കുടീരത്തിന്റെ സമർപ്പണവും ശിശുദിനാഘോഷവും വലപ്പാട് സി.ഐ: പി.എസ്. സുശാന്ത് ഉദ്ഘാടനം ചെയ്യുന്നു.
വലപ്പാട്: ജി.ഡി.എം.എൽ.പി സ്‌കൂളിൽ സുരക്ഷാ കവചങ്ങൾ തകർത്ത് നശിപ്പിക്കപ്പെട്ട ഹരിത കുടീരത്തിന് ശിശുദിനത്തിൽ പുനർജനി. സൂര്യകാന്തി പൂക്കളുടെ മുഖാവരണവുമായാണ് കുരുന്നുകൾ ഹരിത കുടീരത്തിന്റെ പുനഃസ്ഥാപനത്തിനെത്തിയത്. ജൈവസംരക്ഷണത്തിന്റെ ഭാഗമായാണ് വിദ്യാലയ മൈതാനത്തിനരികിൽ ഫലവൃക്ഷങ്ങളും നാൾ വൃക്ഷങ്ങളും അടങ്ങുന്ന ഹരിത കുടീരം വിദ്യാർത്ഥികൾ നട്ട് വളർത്തിയത്.
എന്നാൽ ഓണാവധി കഴിഞ്ഞെത്തിയപ്പോൾ വൃക്ഷത്തൈകളുടെ കൂടുകൾ നശിപ്പിച്ച കാഴ്ച കുരുന്നുകളെ സങ്കത്തിലാക്കി. വലപ്പാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നിർദ്ദേശപ്രകാരം വിദ്യാർത്ഥികളും വിദ്യാലയ അധികൃതരും വലപ്പാട് പോലീസിൽ പരാതി നൽകി. തുടർന്ന് വലപ്പാട് എസ്.എച്ച്.ഒ: പി.എസ്. സുശാന്തിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തുകയും പൊലീസ് നിർദേശ പ്രകാരം പ്രദേശത്തെ സന്നദ്ധ സംഘടനയുടെ സഹായത്തോടെ തകർത്ത കൂടുകൾ, വൃക്ഷങ്ങളുടെ പേരും ശാസ്ത്രീയ നാമവും എഴുതി പുനസ്ഥാപിക്കുകയുമായിരുന്നു. പുനർനിർമ്മിച്ച ഹരിത കുടീരത്തിന്റെ സമർപ്പണവും ശിശുദിനാഘോഷവും വലപ്പാട് പൊലീസ് എസ്.എച്ച്.ഒ: പി.എസ്. സുശാന്ത് ഉദ്ഘാടനം ചെയ്തു.
തുടർന്ന് നടന്ന ശിശുദിന റാലിയിൽ രക്ഷിതാക്കളും പൊലീസും പൊതുപ്രവർത്തകരും കുട്ടികളോടൊപ്പം പങ്കാളിയായി. കലാപരിപാടികളും അരങ്ങേറി. പി.ടി.എ പ്രസിഡന്റ് ഷൈനി സജിത്ത് അദ്ധ്യക്ഷയായി. കഥാകൃത്ത് ബാപ്പു വലപ്പാട് ശിശുദിന സന്ദേശം നൽകി. പ്രധാന അദ്ധ്യാപകൻ സി.കെ. ബിജോയ്, മാതൃസംഘം പ്രസിഡന്റ് മനീഷ ജിജിൽ, വികസന സമിതി അംഗം സുബ്രഹ്മണ്യൻ രാമത്ത്, എം.എ. ശ്രീദേവി എന്നിവർ പ്രസംഗിച്ചു.