moonnupeedika
മൂന്നുപീടിക ബീച്ച് റോഡ്‌.

ദേശീയപാത 66 ആറുവരിപ്പാത വികസനം

കയ്പമംഗലം: ദേശീയപാത 66 ആറുവരിപ്പാതയാകുന്നതോടെ തീരദേശത്തെ വ്യാപാര കേന്ദ്രമായ മൂന്നുപീടികയുടെ പ്രാമുഖ്യം നഷ്ടപ്പെടുമോയെന്ന ആശങ്കയിൽ വ്യാപാരികൾ.

കൊടുങ്ങല്ലൂരിനും തൃപ്രയാറിനുമിടയിൽ ദേശീയപാതയുടെ ഇരുവശങ്ങളിലായും, ഇരിങ്ങാലക്കുട റോഡിലും, മൂന്നുപീടിക ബീച്ച് റോഡിലുമായി അഞ്ഞൂറിലേറെ വ്യാപാര സ്ഥാപനങ്ങളാണുള്ളത്. ആറുവരിപ്പാത യാഥാർത്ഥ്യമാകുന്നതോടെ യാത്ര ബൈപ്പാസ് റോഡിലൂടെയാകുമെന്നതും ബീച്ച് നിവാസികളുടെ മൂന്നുപീടികയിലേക്കുള്ള നേരിട്ടുള്ള ഗതാഗതമാർഗം പൂർണമായി അടയുന്നുമെന്നതുമാണ് വ്യാപാരികൾക്ക് തിരിച്ചടിയാകുന്നത്.


പടിഞ്ഞാറൻ മേഖലയെ മൂന്നുപീടികയുമായി ബന്ധിപ്പിക്കണമെങ്കിൽ ബൈപ്പാസ് റോഡിൽ അടിപ്പാത അനിവാര്യമാണ്. എന്നാൽ മൂന്നുപീടികയിൽ അടിപ്പാത ഉണ്ടാകില്ലെന്നാണ് ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന നിർമാണ കമ്പനിയായ ശിവാലയ കൺസ്ട്രക്ഷൻ പ്രതിനിധി നൽകുന്ന വിവരം. മേഖലയിൽ ബൈപ്പാസ് കടന്നുപോകുന്ന വഴിയമ്പലത്തും പെരിഞ്ഞനത്തും അടിപ്പാത ഉണ്ടാകുമെന്നും, മൂന്നുപീടികയിൽ അടിപ്പാത പ്രായോഗികമല്ലെന്നുമാണ് കമ്പനിയുടെ വാദം. കാപ്പിരിക്കാട് മുതൽ കൊടുങ്ങല്ലൂർ വരെയുള്ള 63 കിലോമീറ്ററിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത് ഈ കമ്പനിയാണ്.


തീരദേശവാസികൾ പ്രധാനമായും ആശ്രയിക്കുന്ന മൂന്നുപീടികയിലെ ആഴ്ച ചന്തയും മത്സ്യമാർക്കറ്റുമെല്ലാം പുതിയ ബൈപ്പാസ് സംവിധാനത്തിൽ മുങ്ങിപ്പോകുമോയെന്ന ആശങ്കയാണ് കച്ചവടക്കാരും നാട്ടുകാരും ഉന്നയിക്കുന്നത്.

നൂറുകണക്കിന് കച്ചവട സ്ഥാപനങ്ങളെ ബാധിക്കുന്ന ഈ നടപടിയിൽ നിന്നു മാറി, ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തി പ്രാദേശിക വികസനത്തിന് ഗുണം ചെയ്യുന്ന നിലയിൽ അടിപ്പാത അനുവദിക്കണം.


പി.എം. റഫീക്ക്

വ്യാപാരി വ്യവസായി ഏകോപന സമിതി മൂന്നുപീടിക യൂണിറ്റ് പ്രസിഡന്റ്