ചാലക്കുടി: പടിഞ്ഞാറെ ചാലക്കുടിയിലെ പുറമ്പോക്ക് ഭൂമിയിൽ നിന്നും മണ്ണ് നീക്കാനുള്ള ശ്രമം സി.പി.എം പ്രവർത്തകർ തടഞ്ഞു. മനപ്പടി ജംഗ്ഷനിൽ എൻ.എസ്.എസ് ഹാളിന് എതിർവശത്ത് നഗരസഭയുടെ കീഴില പുറമ്പോക്ക് ഭൂമിൽ നിന്നുള്ള മണ്ണ് കടത്ത് നീക്കമാണ് തടഞ്ഞത്. അനധികൃതമായി മണ്ണ് കടത്തുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് പ്രവർത്തകർ രംഗത്തെത്തിയത്. ജിയോളജി വകുപ്പിന്റെ അനുമതിയില്ലെതെയാണ് മണ്ണ് കടത്തലെന്ന് ഇവർ ചൂണ്ടിക്കാട്ടി. 24-ാം വാർഡ് കൗൺസിലറുടെ അറിവോടെ കൂടിയാണ് മണ്ണ് നീക്കം ചെയ്തതെന്നും അവർ ആരോപിച്ചു. പുറമ്പോക്ക് ഭൂമി ചില സ്വകാര്യ വ്യക്തികൾ കൈവശപ്പെടുത്താനുള്ള കൗൺസിലറുടെ ഇടപെടലിനെതിരെ പരാതി കൊടുക്കുമെന്നും സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ചാലക്കുടി ഏരിയ കമ്മിറ്റി അംഗം ജിൽ ആന്റണി, ലോക്കൽ കമ്മിറ്റിയംഗം സുധാകരൻ കൊളക്കാട്ടിൽ, ബ്രാഞ്ച് സെക്രട്ടറിമാരായ പി.വി. അൽജോ, എം.എൻ. ജയശീലൻ എന്നിവരുടെ നേതൃത്വത്തിലാണ് മണ്ണ് കടത്തൽ തടഞ്ഞത്.