1

തൃശൂർ: കുരുന്നുകൾക്ക് ഉല്ലസിച്ചു പഠിക്കാൻ അന്താരാഷ്ട്ര നിലവാരത്തിൽ ജില്ലയിൽ തയ്യാറാകുന്നത് 54 പ്രീപ്രൈമറി സ്‌കൂളുകൾ. കുട്ടികളിലെ മാനസികവും ബൗദ്ധികവും കായികവുമായ കഴിവുകളുടെ വളർച്ച ലക്ഷ്യമിട്ടാണിത്.

ഓരോ ബ്ലോക്ക് റിസോഴ്‌സ് സെന്ററിനും കീഴിൽ രണ്ട് സ്‌കൂളുകൾ വീതം 18 സ്‌കൂളുകളാണ് അന്താരാഷ്ട്ര നിലവാരത്തിൽ നവീകരിക്കുക. സമഗ്രശിക്ഷാ കേരളം 'സ്റ്റാർസ്' പദ്ധതി പ്രകാരം 10 ലക്ഷവും വിദ്യാലയങ്ങൾ ഉൾക്കൊള്ളുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 5 ലക്ഷവും ഇതിന് വിനിയോഗിക്കും.

പെരിഞ്ഞനം ഗവ. യു.പി സ്‌കൂളാണ് നവീകരണം പൂർത്തിയായ ആദ്യ സ്‌കൂൾ. സ്‌കൂളിന്റെ പ്രവേശന കവാടം മുതൽ ക്ലാസ് മുറികൾ വരെ വിജ്ഞാനവും കൗതുകവും പകരുന്ന നിരവധി കാഴ്ചകൾ ഒരുക്കിയിട്ടുണ്ട്.

2022 - 23 സാമ്പത്തിക വർഷം ജില്ലയിൽ 36 പൊതുവിദ്യാലയങ്ങൾക്കാണ് അനുമതി ലഭിച്ചത്. ഓരോ സ്‌കൂളിലെ ഭൗതിക സാഹചര്യവും കുട്ടികളുടെ എണ്ണവും കണക്കാക്കിയാണ് അനുമതി. മൂന്ന് മുതൽ അഞ്ചു വയസുവരെയുള്ള കുട്ടികൾക്ക് അന്താരാഷ്ട്ര നിലവാരത്തിൽ വിദ്യാഭ്യാസ അടിത്തറ നൽകുകയാണ് ലക്ഷ്യം. ക്ലാസുകളിൽ പഠന ഇടങ്ങൾ ഒരുക്കും.

കുട്ടികളുടെ വായന പരിപോഷിപ്പിക്കാൻ വായനാ ഇടം, കൗതുകം നിറഞ്ഞ ശാസ്ത്ര ഇടം, വരയും വർണങ്ങളും നിറയ്ക്കാൻ വരയിടം, അക്കങ്ങളോട് കൂട്ടു കൂടാൻ ഗണിത ഇടം, കരവിരുതുകൾക്കായി നിർമ്മാണ ഇടം ഉൾപ്പെടെ സജ്ജമാക്കും.

- ഡോ. എൻ.ജെ. ബിനോയ്, പ്രൊജക്ട് കോ ഓർഡിനേറ്റർ