1

തൃശൂർ: പേവിഷ നിർമ്മാർജ്ജനം, തെരുവുനായ നിയന്ത്രണം എന്നിവയുടെ ഭാഗമായി ജില്ലയിൽ സന്നദ്ധസേന ഒരുങ്ങുന്നു. 150 പേരടങ്ങുന്ന സന്നദ്ധ സേനയാണ് രംഗത്തിറങ്ങുന്നത്. ഇതിനായി 25 പേരടങ്ങുന്ന സംഘങ്ങൾക്ക് വെറ്ററിനറി സർവകലാശാലയിൽ പരിശീലനം നടക്കുന്നുണ്ട്.

ശാസ്ത്രീയമായി തെരുവുനായ്ക്കളെയും മറ്റ് മൃഗങ്ങളെയും പിടികൂടുന്നതിനും നിയന്ത്രിക്കുന്നതിനും എ.ബി.സി പദ്ധതിയുടെ ഭാഗമായി ആവശ്യമായ അറിവ് നൽകുകയാണ് ലക്ഷ്യം. ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലാകും പ്രവർത്തനം. തെരുവു നായ്ക്കളുടെ ശല്യം ഏറിയ പശ്ചാത്തലത്തിൽ ഇവയെ പിടികൂടുന്നവരുടെ കുറവ് മൂലം പ്രതിരോധ കുത്തിവയ്പുകൾ ഫലവത്തായി നടന്നിരുന്നില്ല.

വെറ്ററിനറി സർവകലാശാലയുമായി യോജിച്ച് ജില്ലാ പഞ്ചായത്താണ് പരിശീലനം നൽകുന്നത്. 20ൽ താഴെ പേർ മാത്രമാണ് ക്യാച്ചർമാരായി രജിസ്റ്റർ ചെയ്തത്. എന്നാൽ എട്ട് പേരുടെ സേവനം മാത്രമേ ലഭ്യമാകുന്നുള്ളൂ. അതിനാൽ തെരുവുനായ്ക്കളെ പിടികൂടി പ്രതിരോധ കുത്തിവയ്പ് നൽകുന്ന പ്രവർത്തനം മന്ദഗതിയിലാണ്. ജില്ലയിൽ ഒരു ലക്ഷത്തിലേറെ തെരുവുനായ്ക്കളുണ്ടെന്നാണ് കണക്ക്.


പരിശീലനം അഞ്ച് ദിവസം

വെറ്ററിനറി സർവകലാശാലയിലെ അക്കാഡമി ബ്ലോക്കിൽ തുടർച്ചയായ അഞ്ച് ദിവസമാണ് പരിശീലനം. മൃഗങ്ങളെ പിടികൂടുന്നതിനെക്കുറിച്ചും പരിചരണത്തെക്കുറിച്ചുമുള്ള ക്ലാസുകളും തെരുവുനായ്ക്കളെ പിടികൂടുന്നതിനുള്ള പരിശീലനവുമാണ് നൽകുന്നത്.

ആദ്യ ബാച്ചിന്റെ പരിശീലനം പൂർത്തിയായിക്കഴിഞ്ഞു. രണ്ടാം ബാച്ചിന്റെ പരിശീലനം മൂന്നു ദിവസം കഴിഞ്ഞു. നിരവധി സന്നദ്ധത അറിയിച്ച് രംഗത്ത് വരുന്നുണ്ട്.
- ഡോ. ജസ്റ്റിൻ ഡേവിഡ്, അസോ. പ്രൊഫസർ, വെറ്ററിനറി സർവകലാശാല