ചാലക്കുടി: മലക്കപ്പാറ റോഡിലെ ഗതാഗതത്തിന് കനത്ത വെല്ലുവിളി ഉയർത്തി കബാലി. കമ്പലപ്പാറയിൽ ചൊവ്വാഴ്ച രണ്ട് തവണ ഒറ്റയാൻ വാഹനങ്ങൾ തടഞ്ഞിട്ടു. രാവിലെ ഒന്നര മണിക്കൂറോളവും രാത്രിയിൽ അര മണിക്കൂറുമാണ് വാഹനങ്ങൾക്ക് വഴിയിൽ കിടക്കേണ്ടി വന്നത്. രാവിലെ ഡ്രൈവർമാർക്ക് അരക്കിലോമീറ്ററോളം വാഹനങ്ങൾ പിന്നോട്ട് കൊണ്ടുപോകേണ്ടി വന്നു. അമ്പലപ്പാറയുടെ മുകളിലും താഴെയും കൈവഴികൾ ഇല്ലാത്തതിനാൽ റോഡിലിറങ്ങുന്ന ആനയ്ക്ക് പിന്നീട് കാട്ടിലേയ്ക്ക് തിരികെ പോകാനാകില്ല. വഴി തേടിയുള്ള കൊമ്പന്റെ യാത്രയാണ് പ്രശ്‌നങ്ങൾക്ക് കാരണം. അമ്പലപ്പാറയ്ക്ക് താഴെയുള്ള ഓരത്ത് കയറുകയും വീണ്ടും തിരിച്ചെത്തുകയും ചെയ്തത് മൂലമാണ് ചൊവ്വാഴ്ച ഇരുപതോളം വാഹനങ്ങൾക്ക് വഴിയിൽ കിടക്കേണ്ടി വന്നത്. മുൻ നിരയിൽ കിടന്ന ചാലക്കുടിയിൽ നിന്നുള്ള കെ.എസ്.ആർ.ടി.സി ബസിന് നേരെ പലവട്ടം കബാലി കുതിച്ചെത്തിയെങ്കിലും ആക്രമണത്തിന് മുതിർന്നില്ല. രാത്രിയിൽ റോഡിന് നടുവിൽ അര മണിക്കൂറാണ് ഒറ്റയാൻ നിലയുറപ്പിച്ചത്. ഇതോടെ വിനോദ സഞ്ചാരികൾ അടക്കമുള്ള ചെറുവാഹനങ്ങൾക്ക് മലക്കപ്പാറയിലേയ്ക്കുള യാത്ര പേടി സ്വപ്നമായി മാറി. ആനയ്ക്ക് മദപ്പാട് ഉണ്ടെന്നുള്ള വനപാലകരുടെ വിശദീകരണം പ്രശ്‌നത്തിന് പരിഹാരം കാണാതെ രക്ഷപ്പെടാനുള്ള ഉദ്യോഗസ്ഥരുടെ തന്ത്രമായി ആളുകൾ കരുതുന്നു.

വനപാലകരുടെ വിശദീകരണം

ആനയ്ക്ക് മദപ്പാടുണ്ട്. ഇത്തരം സാഹചര്യത്തിൽ ഭയപ്പെടുത്തി ഉൾക്കാട്ടിലേയ്ക്ക് ഓടിക്കൽ ഉചിതമാകില്ല. ആന ഇതുവരെയും ആരേയും ഉപദ്രവിച്ചിട്ടില്ല. കാടിറങ്ങി റോഡിലിൽ സഞ്ചരിക്കുന്ന കൊമ്പൻ യാഥാർത്ഥത്തിൽ കുടുങ്ങുകയാണ് ചെയ്യുന്നത്. വലതുഭാഗത്തുള്ള ആഗാധ ഗർത്തവും എതിർ വശത്ത് ചെങ്കുത്തായ മലയും നിമിത്തം രക്ഷാപ്പെടാൻ കഴിയുന്നില്ല. കഴിഞ്ഞ ദിവസം എട്ടു കിലോമീറ്ററോളം വാഹനങ്ങൾ പിറകിലേയ്ക്ക് ഓടിച്ചെന്ന പ്രചരണം അടിസ്ഥാന രഹിതമാണ്. ഹൈറേഞ്ചിൽ ഇരുപതോളം വാഹനങ്ങൾ ഇങ്ങനെ സഞ്ചരിക്കണമെങ്കിൽ അഞ്ചു മണിക്കൂറെങ്കിലും വേണം.

താത്കാലിക പ്രതിവിധി
മേഖലയിലെ ആദിവാസികളും വനപാലകരും ചേർന്നുള്ള വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചു. ആന റോഡിലിറങ്ങിയാൽ ഉടനെ വിവരം ഗ്രൂപ്പിലെത്തും. പ്രസ്തുത സന്ദേശം തത്സമയം മലക്കപ്പാറയിലും വാഴച്ചാലിലും അറിയിക്കും. ആന തിരിച്ചുപോകുംവരെ സർക്കാർ വാഹനങ്ങളെ മത്രമെ ഈ സമയം കടത്തി വിടുകയുള്ളു. അമ്പലപ്പാറയിലും ആനക്കയത്തും നിരീക്ഷണത്തിന് കൂടുതൽ വനപാലകരുടെ സേവനമുണ്ടാകും.