പ്രതിഷേധം ശക്തമാക്കി കേരള കർഷകസംഘം
മാപ്രാണം: വിരിപ്പ് കൃഷി കൊയ്ത്തുകഴിഞ്ഞ് മൂന്നാഴ്ച പിന്നിട്ടിട്ടും പൊറത്തിശ്ശേരി സംയുക്ത പാടശേഖരത്തിലെ പൊറത്തുച്ചിറ കെട്ടുന്നതിന് നഗരസഭ അധികാരികൾ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം. നഗരസഭ അനാസ്ഥ വെടിഞ്ഞ് സത്വര നടപടി സ്വീകരിച്ചില്ലെങ്കിൽ കർഷകസംഘത്തിന്റെ നേതൃത്വത്തിൽ കർഷകരെ അണിനിരത്തി ചിറകെട്ടുമെന്ന് ഏരിയാ സെക്രട്ടറി ടി.ജി. ശങ്കരനാരായണൻ പറഞ്ഞു.
കർഷകസംഘം പൊറത്തിശ്ശേരി മേഖലാ കമ്മിറ്റി കർഷകരെയും, പ്രദേശവാസികളെയും അണിനിരത്തി പാറക്കാട് പൊറത്തുച്ചിറക്ക് സമീപം സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖലാ പ്രസിഡന്റ് എം. നിഷാദ് അദ്ധ്യക്ഷനായി. രാഷ്ട്രീയ വിരോധമാണ് ചിറകെട്ടുന്നതിൽ അലംഭാവം കാണിക്കുന്നതിന് പിറകിലെന്ന് കർഷകസംഘം ഏരിയാ പ്രസിഡന്റ് ടി.എസ്. സജീവൻ പറഞ്ഞു. ഏരിയാ ട്രഷറർ എം.ബി. രാജു, നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.സി. ഷിബിൻ, സതി സുബ്രമണ്യൻ, ആലുങ്ങൽ ഉണ്ണിക്കൃഷ്ണൻ, ലേഖ ഷാജൻ, ഐ.ആർ. ബൈജു എന്നിവർ സംസാരിച്ചു.
പൊറത്തുച്ചിറ കർഷകരുടെ ആശ്രയം
നഗരസഭയിലെ 32, 33, 35, 36, 37, 39 എന്നീ വാർഡുകളിലെ വേനൽക്കാലത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും, കല്ലടത്താഴം പാടശേഖരത്തിലെ പുഞ്ചക്കൃഷിക്ക് ജലസേചനം ഉറപ്പുവരുത്തുന്നതിനുമാണ് പൊറത്തുച്ചിറ കെട്ടുന്നത്. മുൻകാലങ്ങളിൽ കന്നി പത്തിന് ചിറകെട്ടുകയും, മകരം പത്തിന് ചിറ തുറക്കുകയുമാണ് ചെയ്തിരുന്നത്. എന്നാൽ കാലാവസ്ഥയിൽ വന്ന മാറ്റത്തെ തുടർന്ന് ഒക്ടോബർ അവസാനത്തിൽ ചിറകെട്ടി വിഷുവിന് മുമ്പ് ചിറ തുറക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. പൊറത്തിശ്ശേരി പഞ്ചായത്തായിരുന്ന ഘട്ടത്തിൽ യഥാസമയം ചിറകെട്ടിയിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. പഞ്ചായത്ത് നഗരസഭയിൽ ചേർത്തതിന് ശേഷം ഇക്കാര്യത്തിൽ നിരന്തരം പരാതിയാണെന്നാണ് ആരോപണം. തുലാവർഷം കനിഞ്ഞില്ലെങ്കിൽ ചിറകെട്ടിയാലും ജലലഭ്യത ഉറപ്പാക്കാനാവാത്ത സ്ഥിതിയാണുള്ളത്.
പൊറത്തുചിറ കെട്ടാൻ വൈകിയത് വാർഡ് കൗൺസിലറുടെ പിടിപ്പുകേട്: കോൺഗ്രസ്
പൊറത്തിശ്ശേരി: പൊറത്തുചിറ കെട്ടാൻ വൈകിയത് വാർഡ് കൗൺസിലറുടെ അശ്രദ്ധയും പിടിപ്പുകേടും മൂലമാണെന്ന് കോൺഗ്രസ് ആരോപിച്ചു. കാലങ്ങളായി കന്നി പത്തിന് കെട്ടേണ്ട ചിറ വൃശ്ചികമാസമായിട്ടും കെട്ടിയിട്ടില്ല. ഇത് വാർഡ് കൗൺസിലറുടെ ഭാഗത്ത് നിന്നുള്ള വീഴ്ചയാണ്. എന്നിട്ടും കൗൺസിലർ സ്വന്തം വീഴ്ചയെ മറച്ചുവെച്ച് നഗരസഭ അധികാരികളെ കുറ്റം പറയുകയാണ്. ചിറ സമയത്ത് കെട്ടാത്തത് മൂലം സമീപത്തെ ആറോളം വാർഡുകളിൽ കുടിവെള്ളത്തിന് ക്ഷാമം നേരിടും. സമീപത്തെ വാർഡുകളിലെ കൗൺസിലർമാർ സി.പി.എമ്മായിട്ടും കൗൺസിലറുടെ വീഴ്ച മനസിലാക്കി ചിറകെട്ടുന്നതിന് വേണ്ട നടപടി സ്വീകരിക്കാതിരുന്നത് ദുരൂഹമാണെന്നും കോൺഗ്രസ് മേഖലാ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. അഡ്വ. പി.എൻ. സുരേഷ് അദ്ധ്യക്ഷനായി. മണ്ഡലം പ്രസിഡന്റ് ബൈജു കുറ്റിക്കാടൻ ഉദ്ഘാടനം ചെയ്തു. എം.ബി. നെൽസൺ, കെ.ആർ. സുനിൽ, ബിനീഷ് കെ. ബഷീർ, പി.എം. മണിലാൽ, കെ.ജെ. ജോയൽ, സ്റ്റെഫിൻ ജോസഫ് എന്നിവർ പങ്കെടുത്തു.