തൃപ്രയാർ: ശ്രീശബരിമല അയ്യപ്പ സേവാസമാജത്തിന്റെ തൃപ്രയാർ അയ്യപ്പ സേവാകേന്ദ്രം ഇന്ന് വൈകിട്ട് സി.സി. മുകുന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് ശ്രീരാമസ്വാമി ക്ഷേത്രത്തിൽ നിന്ന് ഭദ്രദീപം ജ്വലിപ്പിച്ച് താലപ്പൊലി, നാഗസ്വരം, ചിന്ത്പാട്ട്, മറ്റു വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്ര നടക്കും.
തുടർന്ന് ചേരുന്ന സമ്മേളനത്തിൽ കാനാടിക്കാവ് മഠാധിപതി ഡോ. വിഷ്ണുഭാരതീയ സ്വാമികൾ ദ്രവ്യ സമർപ്പണം നടത്തും. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ, അഡ്വ. എ.യു. രഘുരാമപ്പണിക്കർ, എം.കെ. അരവിന്ദാക്ഷൻ, സ്വാമി തേജസ്വരൂപാനന്ദ സരസ്വതി തുടങ്ങിയവർ പങ്കെടുക്കും. 200ൽപ്പരം സാമിമാർക്ക് ഒരേസമയം വിരിവയ്ക്കാനുള്ള സൗകര്യം സേവാകേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്.
കൂടാതെ ഭക്തർക്ക് ആവശ്യമായ ഭക്ഷണം, വൈദ്യസഹായം, ആംബുലൻസ് സേവനം എന്നിവയും ലഭ്യമാണ്. അയ്യപ്പ സേവാകേന്ദ്രം ചെയർമാൻ മധു ശക്തീധരപണിക്കർ, ജന. കൺവീനർ എൻ.വി. സേതുനാഥ്, കെ. രഘുനാഥ്, ദിനേഷ് വെള്ളാഞ്ചേരി, സുരേഷ് നടുമുറി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.