ചേർപ്പ്: സർക്കാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടറുടെ കുറിപ്പടിയുമായി മരുന്ന് വാങ്ങാൻ ചെന്നാൽ കുടുങ്ങിയതുതന്നെ. നീണ്ട ക്യൂവിൽ നിന്ന് മണിക്കൂറുകളോളം വലയും. മരുന്ന് വിതരണ കേന്ദ്രത്തിൽ ഒരാൾ മാത്രമുള്ളതിനാൽ വെട്ടിലാകുന്നതോ രോഗികളടക്കമുള്ള ജനങ്ങളും. ചേർപ്പ്, അവിണിശ്ശേരി, വല്ലച്ചിറ എന്നിവടങ്ങളിൽ നിന്നും മറ്റു പ്രദേശങ്ങളിൽ നിന്നും ദിവസവും നിന്ന് നാനൂറോളം രോഗികളാണ് ആരോഗ്യ കേന്ദ്രത്തിലെത്തുന്നത്. ഇവിടെ ആവശ്യത്തിന് ഡോക്ടറില്ലെന്ന നിരന്ത പരാതിയെത്തുടർന്ന് കഴിഞ്ഞ മാസം ഒന്നു മുതൽ അധിക ഡോക്ടറെ പഞ്ചായത്ത് നിയമിച്ചിരുന്നു. ഡോക്ടർമാർ വർദ്ധിച്ചതോടെ പരിശോധനയ്ക്കായി എത്തുന്ന രോഗികളുടെ എണ്ണത്തിലും വർദ്ധനയുണ്ടായിട്ടുണ്ട്. എന്നിട്ടും ഇതര വിഭാഗങ്ങളിലുള്ള ജീവനക്കാരുടെ കുറവ് പരിഹരിക്കാനായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. മരുന്ന് കേന്ദ്രത്തിൽ ഒന്നിലധികം ജീവനക്കാരുണ്ടെന്നും ഇവർ അവധിയെടുക്കുന്ന ദിവസങ്ങളിലാണ് അനിശ്ചിതത്വം നേരിടുന്നതെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
മരുന്ന് വിതരണ കേന്ദ്രത്തിൽ മതിയായ ജീവനക്കാരില്ലാത്തതിനാൽ പൊതുജനങ്ങൾ ബുദ്ധിമുട്ടുകയാണ്. കൂടുതൽ ജീവനക്കാരെ നിയമിച്ച് പ്രശ്നം എത്രയും വേഗം പരിഹരിക്കണം.
സി.എം. ഷെക്കീർ ചേനം
പൊതുപ്രവർത്തകൻ