പുതുക്കാട്: കള്ളിച്ചിത്ര ആദിവാസി കോളനിയിലെ 17 കുടുംബങ്ങൾക്ക് ഭൂമി നൽകാൻ നടപടിയായെന്ന് കെ.കെ. രാമചന്ദ്രൻ എം.എൽ.എ. ചിമ്മിനി ഡാം നിർമ്മാണത്തിനായി സ്ഥലം ഏറ്റെടുത്തപ്പോൾ കുടിയൊഴിപ്പിക്കപ്പെട്ട 17 കുടുംബങ്ങൾക്ക് കള്ളിച്ചിത്ര കോളനിയിൽ 65 സെന്റ് സ്ഥലം വീതമാണ് നൽകിയിരുന്നത്.

വനാവകാശ നിയമപ്രകാരം ഓരോ കുടുംബത്തിനും അവകാശപ്പെട്ട ഒരേക്കർ ഭൂമിയിൽ ബാക്കിയുള്ള 35 സെന്റ് ഭൂമി കൂടി നൽകാൻ സർക്കാർ നടപടി സ്വീകരിച്ചു. ഇവർക്കായി മൂപ്ലിയം വില്ലേജിൽ കൽക്കുഴി സ്‌കൂളിനടുത്തായി ജലവിഭവ വകുപ്പ് നീക്കിനൽകുന്ന ഏഴരയേക്കർ സ്ഥലമാണ് ഒരുക്കിയിട്ടുള്ളത്.

ശനിയാഴ്ച വൈകിട്ട് മൂന്നിന് സംസ്ഥാന പട്ടിക - വർഗ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ, റവന്യൂ മന്ത്രി അഡ്വ. കെ. രാജൻ, കെ.കെ. രാമചന്ദ്രൻ എം.എൽ.എ,​ ജില്ലാ കളക്ടർ, ഹരിത വി. കുമാർ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിക്കുകയും തുടർന്ന് മുപ്ലിയം വില്ലേജ് ഓഫീസിൽ യോഗം ചേരുകയും ചെയ്യും.