 തീരദേശവാസികൾ കുടിവെള്ളത്തിനായി പൈപ്പിൻ ചുവട്ടിൽ കാത്തുനിൽക്കുന്നു.
തീരദേശവാസികൾ കുടിവെള്ളത്തിനായി പൈപ്പിൻ ചുവട്ടിൽ കാത്തുനിൽക്കുന്നു.
അന്തിക്കാട്: വേനലടുക്കുന്തോറും അന്തിക്കാട്ടെ തീരദേശവാസികളുടെ നെഞ്ചിൽ തീയാണ്. ഇനിയുള്ള നാളുകൾ ഇറ്റുവെള്ളത്തിനായി അലയണം. പതീറ്റാണ്ടുകളായി തുടരുന്ന ഈ ദുരിതത്തിന് പരിഹാരം തേടി ഇവർ മുട്ടാത്ത വാതിലുകളില്ല. പദ്ധതികളുടെ പ്രഖ്യാപനങ്ങളും ഉദ്ഘാടനങ്ങളും പലതുണ്ടായെങ്കിലും കൃത്യമായി കുടിവെള്ളം മാത്രം ഇവർക്കെത്തിയില്ല. രാത്രിയെന്നും പകലെന്നുമില്ലാതെ പൈപ്പിൻ ചുവട്ടിൽ കാത്തിരിപ്പാണിവർ.
അന്തിക്കാട് പഞ്ചായത്തിലെ പടിഞ്ഞാറൻ മേഖലയായ പടിയം, കാരാമാക്കൽ, മുറ്റിച്ചൂർ, പുലാമ്പുഴ എന്നിവിടങ്ങളിലാണ് കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുന്നത്. ഡിസംബറോടെ കനോലികനാലിൽ ഉപ്പുവെള്ളം കയറിയാൽ പ്രദേശത്തെ ജലാശയങ്ങളെല്ലാം ഉപയോഗശൂന്യമാകും. പിന്നെ കിലോമീറ്ററുകൾ താണ്ടിയാണ് കുടിവെള്ളം ശേഖരിക്കുന്നത്. ടാങ്കറുകളിൽ വെള്ളമെത്തിച്ചാണ് കുടിവെള്ളക്ഷാമം ഒരു പരിധി വരെ പരിഹരിക്കുന്നത്.
എട്ട് ദിവസം കൂടുമ്പോൾ ഇവിടേക്ക് വെള്ളം വിടുന്നുണ്ടെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും ഭൂരിഭാഗം വീടുകളിലേക്കും പൊതുടാപ്പുകളിലേക്കും വെള്ളമെത്തുന്നില്ല. കാലാഹരണപ്പെട്ട പൈപ്പുകൾ പൊട്ടി വെള്ളം പാഴാകുന്നതിനാലാണിത്. പുതുതായി കണക്ഷൻ ലഭിച്ച വീടുകളിലേക്ക് വെള്ളം വരുന്നില്ലെങ്കിലും വെള്ളക്കരമടക്കാനുള്ള ബില്ല് കൃത്യമായെത്തുന്നുണ്ട്.
ജലക്ഷാമം പരിഹരിക്കാനായി പ്രാദേശിക ജലസ്രോതസുകൾ ഉപയോഗപ്പെടുത്തി പദ്ധതികൾ ആവിഷ്‌കരിച്ചെങ്കിലും പ്രായോഗികമായില്ല. ആഴ്ചയിൽ രണ്ടുദിവസം ഇടവിട്ടെങ്കിലും വെള്ളം ലഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതിനായി പഞ്ചായത്ത്, ജല അതോറ്റി, എം.എൽ.എ, കളക്ടർ എന്നിവർക്ക് പ്രദേശത്തെ 108 കുടുംബങ്ങൾ ഒപ്പിട്ട നിവേദനവും നൽകിയിട്ടുണ്ട്. തീരമേഖലയിലെ കുടിവെള്ളക്ഷാമം പരിഹരിച്ചില്ലെങ്കിൽ സമരവുമായി മുന്നോട്ടുപോകാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാർ.
ആശ്വാസമാണ് കൊട്ടാരക്കിണർ
പടിയം കൊട്ടാരപ്പറമ്പിലെ കൊട്ടാരക്കിണറിലെ വെള്ളമാണ് പ്രദേശത്തുള്ളവർക്ക് ഏക ആശ്വാസം. ഏറെ ആഴമില്ലെങ്കിലും കടുത്ത വേനൽക്കാലത്തുപോലും ഈ കിണർ വറ്റാറില്ല. ദൂരെ ദിക്കുകളിൽ നിന്നുപോലും വെള്ളം ശേഖരിക്കാനായി ആളുകളെത്താറുണ്ട്.