ചാലക്കുടി: കൃഷിഭവൻ മുഖേന കാടുകുറ്റി, കൊരട്ടി മേഖലയിലെ നെൽക്കർഷകർക്ക് വിതരണം ചെയ്ത കുമ്മായത്തിൽ മായം കലർന്നതായി കണ്ടെത്തൽ. ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പാണ് കരാറുകാരൻ മായം കലർന്ന കുമ്മായ വിതരണത്തിലൂടെ നടത്തിയതെന്നാണ് വിവരം.
നീറ്റുകക്കയിൽ പാറപ്പൊടി കലർത്തിയാണ് കർഷകർക്ക് നൽകിയതെന്ന് വ്യക്തമായി. കാടുകുറ്റി പാടശേഖരത്തിലെ കർഷകർ സംശയം തോന്നിയതിനെത്തുടർന്ന് കൃഷിഭവനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് കൃഷിവകുപ്പിന്റെ ലാബിൽ പരിശോധന നടന്നപ്പോൾ പത്തു കിലോ വീതമുള്ള നീറ്റുകക്കയുടെ പാക്കറ്റിൽ 70 ശതമാനവും പാറപ്പൊടിയാണെന്ന് തെളിഞ്ഞു. കൂട്ടു ശരിയാകുന്നതിന് ഡേളോമൈറ്റ് എന്ന രാസവസ്തുവും പാറപൊടിയിൽ ചേർന്നതായി വ്യക്തമായി.
ഒരു കിലോ കുമ്മായത്തിന് പതിനാലര രൂപയാണ് വില. ഇതിലാണ് രണ്ടു രൂപ പോലുമില്ലാത്ത വസ്തുക്കൾ സിംഹ ഭാഗവും കലർത്തിയത്. വിവിധ പാടശേഖരങ്ങളിലായി കാടുകുറ്റി പഞ്ചായത്തിൽ 60 ടൺ നീറ്റുകക്ക വിതരണം ചെയ്തിട്ടുണ്ട്. കൊരട്ടിയിലും ഇതിന്റെ പകുതിയോളം വിതരണം ചെയ്തു. കൃത്രിമം കണ്ടെത്തിയ സാഹചര്യത്തിൽ കരാറുകാരന് പണം നൽകേണ്ടെന്നാണ് കൃഷിഭവന്റെ തീരുമാനം. സർവീസ് സഹകരണ ബാങ്കുകൾ വഴിയാണ് അതതിടങ്ങളിലെ കൃഷി ഭവനുകൾ നീറ്റുകക്ക വാങ്ങുന്നത്.