 
തൃശൂർ : കോർപ്പറേഷനെ യുനെസ്‌കോയുടെ അംഗീകാരത്തോടെ ലേണിംഗ് സിറ്റിയായി പ്രഖ്യാപിച്ചതിന്റെ ഭാഗമായി കോർപ്പറേഷനും ഇസാഫ് ഫൗണ്ടേഷനും കിലയും ഗവ. എൻജിനീയറിംഗ് കോളേജിലെ സ്‌കൂൾ ഒഫ് ആർക്കിടെക്ച്ചർ ആൻഡ് പ്ലാനിംഗും സംയുക്തമായി സംഘടിപ്പിക്കുന്ന 'ഫാമിലി ഫ്രണ്ട്‌ലി തൃശൂർ' എന്ന കലാസാംസ്‌കാരിക പരിപാടി നാളെ നടത്തുമെന്ന് മേയർ എം.കെ.വർഗീസ് പത്രസമ്മേളനത്തിൽ അറിയിച്ചു. മുനിസിപ്പൽ റോഡിൽ വൈകീട്ട് മൂന്ന് മുതൽ വൈകീട്ട് ഏഴ് വരെയാണ് പരിപാടികൾ. നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ, ഭിന്നശേഷിക്കാർ, മുതിർന്ന പൗരന്മാർ, വയോജനങ്ങൾ, ട്രാൻസ്‌ജെൻഡേഴ്‌സ് തുടങ്ങിയവർ പങ്കെടുക്കും. തെരുവ് നാടകം, രംഗോലി, സ്ലോ സൈക്കിൾ റെയ്‌സ്, വടംവലി തുടങ്ങി വിവിധ കലാകായിക മത്സരങ്ങൾ അരങ്ങേറും. നാളെ ഉച്ചയ്ക്ക് 2 മുതൽ വൈകീട്ട് എട്ട് വരെ എം.ഒ റോഡിലെ ഗതാഗതം പൂർണമായി നിരോധിച്ചു. രജിസ്‌ട്രേഷന് ഫോൺ: 9633137913, 9747702999