
ചാലക്കുടി: ലോകകപ്പ് ഫുട്ബാൾ ആവേശത്തിന് മാറ്റുകൂട്ടാൻ വിവിധ കായിക വിനോദ പരിപാടികൾ സംഘടിപ്പിക്കാൻ നഗരസഭ കൗൺസിൽ, വിവിധ ക്ലബ്ബുകൾ എന്നിവയുടെ സംയുക്ത യോഗം തീരുമാനിച്ചു. ഇൻഡോർ സ്‌റ്റേഡിയത്തിൽ ആയിരം പേർക്ക് എല്ലാദിവസവും ഇരുന്നു കളികാണുന്നതിന് സൗകര്യം ഒരുക്കുമെന്ന് അദ്ധ്യക്ഷത വഹിച്ച നഗരസഭ ചെയർമാൻ എബി ജോർജ്ജ് പറഞ്ഞു. ഇതിനായി വലിയ സ്‌ക്രീൻ ഘടിപ്പിക്കും. ഉദ്ഘാടന ദിവസം വിളംബര ഘോഷയാത്ര, തുടർന്ന് ഇൻഡോർ സ്‌റ്റേഡിയ കവാടത്തിൽ ഷൂട്ടൗട്ട് മത്സരം നടത്തൽ എന്നിവയും തീരുമാനിച്ചു. ആരാധകർക്ക് ഇഷ്ടപ്പെട്ട രാജ്യങ്ങൾക്കായി അലങ്കാരം നടത്താം. ആദ്യ ദിവസം നടക്കുന്ന പ്രവചനമത്സരം മറ്റു ദിവസങ്ങളിൽ സംഘടിക്കാനും ശ്രമം നടത്തും. കളി കാണാനെത്തുന്നവർക്ക് ന്യായ വിലയ്ക്ക് ഭക്ഷണവും കുടിവെള്ളവും സജ്ജമാക്കും. നഗരസഭയുടെ ലോകകപ്പ് ആരവം ഞായറാഴ്ച രാത്രി 7.30ന് ബെന്നി ബഹന്നാൻ എം.പി ഉദ്ഘാടനം ചെയ്യും. ടി.ജെ.സനീഷ്‌കുമാർ എം.എൽ.എ മുഖ്യാതിഥിയാകും. സംഘാടനത്തിന് അഡ്വ.ബിജു എസ്.ചിറയത്ത് വർക്കിംഗ് ചെയർമാനും കെ.എസ്.സുനോജ് ജനറൽ കൺവീനറുമാണ്. കാൽപ്പന്തുകളിയുടെ ഈറ്റില്ലമായ ചാലക്കുടിയിൽ ഇതുവരെ കാണാത്ത വിധം ആഘോഷങ്ങളാണ് ഒരുക്കുന്നതെന്ന് ചെയർമാൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് സി.എസ്.സുരേഷ്, ഷിബു വാലപ്പൻ, എം.എം.അനിൽകുമാർ, കെ.ജെ.ജോജി, ജോർജ്ജ് തോമസ്, ക്ലബ്ബ് പ്രതിനിധികളായ ജോഷി പുത്തിരിക്കൽ, ലിജോ മുളങ്ങാടൻ, ബിജു ടി.ടി, ബെന്നി, എന്നിവർ പ്രസംഗിച്ചു.
ആവേശ കാൽപ്പന്തുകളിക്ക് ഒരുക്കം
സ്‌ക്രീനിന്റെ വലിപ്പം ഉയരം 14 അടി, നീളം 24 അടി.
എല്ലാ കളികളും കാണാം.
ഷൂട്ട് മത്സരത്തിൽ പങ്കെടുക്കുന്നത് സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങൾ.
നിയന്ത്രണത്തിന് പൊലീസും പ്രത്യേക വളണ്ടിയർമാരും.
പ്രത്യേക ഇരിപ്പിടവും സൗണ്ട് സിസ്റ്റവും.
ബ്രസീൽ ആരാധകരുടെ ഘോഷയാത്ര ഇന്ന്
അർജന്റീന ഫാൻസിന്റെ ഘോഷയാത്ര നവം.22ന്