
കൊടകര: പഞ്ചായത്തിൽ ആട് വളർത്തൽ വനിതാ പദ്ധതിക്ക് തുടക്കം. പഞ്ചായത്ത് പരിസരത്ത് നടന്ന ചടങ്ങ് പ്രസിഡന്റ് അമ്പിളി സോമൻ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സ്വപ്ന സത്യൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.ജി രജീഷ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ ജോയ് നെല്ലിശ്ശേരി, ദിവ്യ ഷാജു, പഞ്ചായത്ത് അംഗങ്ങൾ, സീനിയർ വെറ്ററിനറി സർജൻ ഡോ.മനോജ് കുമാർ, ആട് കർഷകസംഘം പ്രസിഡന്റ് വി.എൽ ജോണി, അസിസ്റ്റന്റ് ഫീൽഡ് ഓഫീസർ ഷിജു, ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ കെ.കെ.തപതി എന്നിവർ പങ്കെടുത്തു. സാമ്പത്തിക വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 4,80,000 രൂപ ചെലവഴിച്ചാണ് നടപ്പിലാക്കുന്നത്. പദ്ധതി ഫണ്ടിലെ പകുതി ഗുണഭോക്തൃ വിഹിതമായി ഈടാക്കും. 16 ഗുണഭോക്താക്കൾക്ക് രണ്ട് ആട് എന്ന രീതിയിൽ 32 ആടുകളെയാണ് വിതരണം ചെയ്തത്. കുടുംബശ്രീയുടെ 'ആട് ഗ്രാമം' പദ്ധതി മുഖേന കർഷകസംഘത്തിൽ നിന്ന് പഞ്ചായത്ത് ആടുകളെ വാങ്ങി വിതരണം ചെയ്യുകയാണ് ചെയ്യുന്നത്. ഗ്രാമീണ വനിതകളുടെ സ്വയം തൊഴിൽ പുനരുദ്ധാരണത്തിനും വരുമാനമാർഗം വർദ്ധിപ്പിക്കാനുമായാണ് വനിതാ ഘടക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്നത്.