കൊടുങ്ങല്ലൂർ: അഴീക്കോട് മാർത്തോമ തീർത്ഥ കേന്ദ്രത്തിൽ മാർത്തോമാശ്ലീഹായുടെ ഭാരത പ്രവേശന തിരുനാളിന് നാളെ കൊടി ഉയരും. ഒരാഴ്ചത്തെ തിരുനാൾ ആഘോഷങ്ങൾക്ക് ആരംഭം കുറിച്ച് ഞാറാഴ്ച വൈകിട്ട് 5ന് തൃശൂർ ദേവമാത പ്രവിശ്യാ കൗൺസിലർ റവ. ഫാ. റിജോ പയ്യപ്പിള്ളി കൊടിയേറ്റ് ശുശ്രൂഷ നിർവഹിക്കും. തുടർന്ന് പ്രസുദേന്തി വാഴ്ച, ആഘോഷമായ ദിവ്യബലി, സന്ദേശം, നവനാൾ പ്രാർത്ഥന എന്നിവ ഉണ്ടാകും. തിങ്കളാഴ്ച മുതൽ എല്ലാ ദിവസങ്ങളിലും വൈകിട്ട് 5 മണിക്ക് പ്രസുദേന്തി വാഴ്ചയോടെ തിരുകർമ്മങ്ങൾ ആരംഭിക്കും.
25ന് വെള്ളിയാഴ്ച വൈകിട്ട് 5ന് കോട്ടപ്പുറം രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കാരിക്കശ്ശേരിയുടെ മുഖ്യകാർമ്മികത്വത്തിൽ പ്രസുദേന്തി വാഴ്ചയും ലത്തീൻ റീത്തിൽ ആഘോഷമായ പൊന്തിഫിക്കൽ സമൂഹ ദിവ്യബലിയും ഉണ്ടാകും. തിരുനാൾ സമാപനദിനമായ 27ന് പൊന്തിഫിക്കൽ സമൂഹദിവ്യബലിക്ക് ഇരിങ്ങാലക്കുട രൂപതാദ്ധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ മുഖ്യകാർമ്മികനാകും.