ചാലക്കുടി: മദപ്പാടുള്ള കാട്ടാന റോഡിലിറങ്ങുന്ന സാഹചര്യം കണക്കിലെടുത്ത് മലക്കപ്പാറ റോഡിൽ ഒരാഴ്ച വിനോദ സഞ്ചാരികളെ വിലക്കും. വാഴച്ചാൽ ഡി.എഫ്.ഒയുടെ അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആന മദപ്പാടിന്റെ മൂർദ്ധന്യാവസ്ഥ കടക്കുമെന്നാണ് നിഗമനം. രണ്ട് ദിവസമായി വിലക്ക് തുടരുന്നുണ്ടെങ്കിലും വിനോദ സഞ്ചാരികളുടെ എണ്ണം കുറവായിരുന്നു.

വാഴച്ചാൽ ചെക്ക് പോസ്റ്റിൽ വാഹനങ്ങൾ തടയും. തമിഴ്‌നാട് അതിർത്തിയായ മലക്കപ്പാറയിലും വിനോദ സന്ദർശകരെ കടത്തി വിടില്ല. എന്നാൽ സർവീസ് ബസുകൾക്കും, ചരക്ക് ലോറികൾക്കും നിയന്ത്രണം ബാധകമല്ല. ലോറികളും മറ്റും കടന്നു പോയെങ്കിലും ഇന്നലെ അമ്പലപ്പാറയിൽ ആനയുടെ സാന്നിദ്ധ്യമുണ്ടായില്ല. മലയിറങ്ങിയെത്തുന്ന കബാലി അടക്കമുള്ള ആനകളെ തിരിച്ചു വിടാൻ സ്ഥലത്ത് വനപാലകരുടെ സംഘം നിലയുറപ്പിച്ചിട്ടുണ്ട്.