
തൃശൂർ: മുൻഗണനാ റേഷൻ കാർഡുകളിൽ കയറിക്കൂടിയവരെ പിടികൂടാൻ വീടുകൾ കയറിയിറങ്ങി താലൂക്ക് സപ്‌ളൈ ഉദ്യോഗസ്ഥർ. വീടുകളിലെത്തി റേഷൻ കാർഡ് പരിശോധിക്കുകയും അനർഹരെന്ന് കണ്ടാൽ തുടർ നടപടികൾക്ക് ശുപാർശ ചെയ്യുകയും ചെയ്യും.
ആയിരം സ്‌ക്വയർ ഫീറ്റിന് മുകളിൽ വീടുള്ളവർ, കാർ ഉൾപ്പെടെയുള്ള സൗകര്യങ്ങളുള്ളവർ എന്നിവരെ കണ്ടെത്തിയാണ് നടപടി സ്വീകരിക്കുന്നത്. അനർഹരെന്ന് കണ്ടാൽ പിഴ ഈടാക്കും. നിരവധി പരാതികളാണ് മുൻഗണനാ ലിസ്റ്റിനെ കുറിച്ച് ഉയർന്നത്. താലൂക്ക് , ജില്ലാ സപ്‌ളൈ ഓഫീസുകളിലേക്ക് കത്ത് മുഖേനയും ഫോൺവഴിയും പരാതികൾ ലഭിച്ചു. അയൽ വീടുകളിൽ ചെന്ന് തൊട്ടടുത്തുള്ളവരുടെ വരുമാന മാർഗം അരാഞ്ഞുള്ള പരിശോധനയും നടക്കുന്നുണ്ട്.
സ്വത്ത്, മറ്റ് കാര്യങ്ങളിൽ വീട്ടുടമയുടെ വീശദീകരണം തേടലും ഫോൺ വഴി നടത്തുന്നുണ്ട്. വിപണിയിലെ വില നിയന്ത്രണത്തിന്റെ ഭാഗമായി സപ്ളൈ ഉദ്യോഗസ്ഥർ കടകളിൽ നടത്തുന്ന പരിശോധനയുടെ ഭാഗമായും സംശയമുള്ള വീടുകളിൽ പരിശോധന നടത്തുന്നുണ്ട്. മുൻഗണനാ കാർഡ് പിഴയില്ലാതെ തിരിച്ചേൽപ്പിക്കാൻ 2021 ജൂലായ് വരെ അവസരം നൽകിയിരുന്നു. അനർഹരെ ഒഴിവാക്കുക, പുതിയ ആളുകളെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തുക എന്നീ ലക്ഷ്യത്തോടെയാണ് പരിശോധനയെന്നാണ് അധികൃതർ പറയുന്നത്. അതേസമയം ആയിരം സ്‌ക്വയർ ഫീറ്റിന് മുകളിൽ പോയാലും മറ്റ് ജീവിതമാർഗങ്ങൾ ഇല്ലാത്തവരെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്. നാലു മാസത്തിനുള്ളിൽ രണ്ടായിരത്തോളം അനർഹരെയാണ് പിടികൂടിയത്.
സറണ്ടർ ചെയ്യുന്നവരേറുന്നു
പരിശോധനകൾ കർശനമായതോടെ സറണ്ടർ ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചു. നേരത്തെ സർക്കാർ ജീവനക്കാർ വരെ പട്ടികയിൽ ഉൾപ്പെട്ടിരുന്നു. സെപ്തംബർ 18 മുതൽ ജില്ലയിലെ ഏഴ് താലൂക്കുകളിൽ നിന്നുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് കാർഡ് പിടികൂടിയത്. അതിനിടെ അനർഹരെ തേടി പോകുന്ന ഉദ്യോഗസ്ഥർ റേഷൻ വിതരണം കാര്യക്ഷമമാക്കാൻ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. സെർവർ തകരാർ നിത്യസംഭവമായി മാറി. പല കടളിലും കൃത്യമായ നിലയിലല്ല റേഷൻ വിതരണം.
റേഷൻ വിതരണത്തിൽ പരാതികളുണ്ടെങ്കിൽ അറിയിക്കാം
9188 5273 22, 048 723 600 46
(ജില്ലാ സപ്ലൈ ഓഫീസർ)
പിഴ ഈടാക്കിയത്
26 ലക്ഷം
കൂടുതൽ പേരെ പിടികൂടിയത്
ചാലക്കുടി താലൂക്കിൽ