kalamandalam

പ്രതിഫലത്തിന് കാത്ത് ആറ് കൊല്ലം

തൃശൂർ: ആറ് കൊല്ലം മുമ്പ് അമേരിക്കയിൽ കഥകളി അവതരിപ്പിച്ചതിന് സ്പോൺസറായ ലിങ്കൺ സൊസൈറ്റി നൽകിയ പ്രതിഫലത്തിനായി കലാമണ്ഡലത്തിലെ പതിനഞ്ച് കഥകളി നടന്മാർ നെട്ടോട്ടത്തിൽ. പ്രതിഫലമായി 12 ലക്ഷം രൂപ ലഭിച്ചെന്നാണ് വിവരം. ഇതിൽ നാല് ലക്ഷം മുൻകൂർ കിട്ടിയിരുന്നു. പണമിടപാടിൽ ക്രമക്കേട് നടന്നു എന്ന ആരോപണത്തെ തുടർന്ന്, പി. ആർ ഒ ആയിരുന്ന ഗോപീകൃഷ്ണനെ പണം തിരിച്ചടപ്പിച്ച ശേഷം പിരിച്ചു വിട്ടിരുന്നു.

മുൻകൂറായി ലഭിച്ച നാല് ലക്ഷം കലാമണ്ഡലത്തിന്റെ അക്കൗണ്ടിൽ വന്നെങ്കിലും ബാക്കി എട്ട് ലക്ഷം ഗോപീകൃഷ്ണന്റെ അക്കൗണ്ടിലാണ് വന്നതെന്നാണ് കലാമണ്ഡലം അധികൃതരുടെ വാദം. എന്നാൽ12 ലക്ഷത്തിൽ 30 ശതമാനം ( 3,60,000 രൂപ ) നികുതിയിനത്തിൽ ലിങ്കൺ സൊസൈറ്റി പിടിച്ചുവച്ചെന്നാണ് ഗോപീകൃഷ്ണന്റെ വാദം. ഈ തുകയുടെ സ്ഥിതി അറിയില്ല. ഗോപീകൃഷ്ണന്റെ അക്കൗണ്ടിൽ വന്ന തുക എത്രയെന്നോ, തിരിച്ചടച്ച തുക എത്രയെന്നോ വ്യക്തമായി പറയാൻ കലാമണ്ഡലം

അധികൃതർ തയ്യാറാകുന്നില്ല.

ആറു മാസത്തിനകം ലഭിക്കേണ്ട പ്രതിഫലം കലാകാരന്മാർ നിരവധി തവണ ആവശ്യപ്പെട്ടിട്ടും കിട്ടിയിട്ടില്ല. ചെലവ് കഴിച്ചുള്ള തുകയിൽ പകുതി കലാമണ്ഡലത്തിനാണ്. ബാക്കി സീനിയോറിറ്റി പ്രകാരം കലാകാരന്മാർക്ക് വീതിക്കുകയാണ് പതിവ്. ഓരോരുത്തരുടെയും വിഹിതം എത്രയെന്നും വ്യക്തമല്ല.
കലാകാരന്മാർ വിഹിതം ചോദിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് പുറത്തായത്. ഡോ. ടി.കെ. നാരായണൻ വി.സിയായി ചുമതലയേറ്റ ശേഷം വിഹിതം നൽകാൻ ഉത്തരവിട്ടെങ്കിലും നടന്നില്ല. 2016ലാണ് പരിപാടി അവതരിപ്പിച്ചത്. വിമാന ടിക്കറ്റും അമേരിക്കയിലെ താമസ, ഭക്ഷണച്ചെലവും ലിങ്കൺ സൊസൈറ്റിയാണ് വഹിച്ചത്. വിമാനം കയറാൻ ചെന്നൈയിൽ എത്തിയപ്പോഴുള്ള താമസ, ഭക്ഷണച്ചെലവ് കലാമണ്ഡലമാണ് വഹിച്ചത്. ഇത് കിഴിച്ചാലും ലക്ഷങ്ങൾ ബാക്കിയുണ്ട്. ഗോപീകൃഷ്ണൻ തുകയടച്ചതിനാൽ കലാകാരന്മാരുടെ വിഹിതം നൽകാൻ ബുദ്ധിമുട്ടില്ലെങ്കിലും ചെലവിന്റെ രേഖകൾ കൃത്യമല്ലെന്നാണ് കലാമണ്ഡലം അധികൃതർ പറയുന്നത്.

കണക്കുകൾ അവ്യക്തമാണ്. സാങ്കേതിക തടസം പരിഹരിച്ച് കലാകാരന്മാർക്ക് താമസിയാതെ വിഹിതം നൽകും.

- ഡോ.പി.രാജേഷ്‌കുമാർ,

രജിസ്ട്രാർ, കലാമണ്ഡലം