തൃശൂർ: സാമ്പത്തിക പ്രതിസന്ധിയുടെ കാരണം പറഞ്ഞ് പെൻഷൻകാരുടെ ആനുകൂല്യം തടയുമ്പോഴും കൊച്ചിൻ ദേവസ്വം ബോർഡിൽ പിൻവാതിൽ നിയമനത്തിന് നീക്കം നടത്തുന്നുവെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് പെൻഷണേഴ്‌സ് അസോസിയേഷൻ ആരോപിച്ചു. ദിവസവേതനത്തിൽ നൂറോളം പേരെ നിയമിച്ച് സ്ഥിരപ്പെടുത്താനാണ് ശ്രമം. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് വഴി 35 സ്ഥിര നിയമനം നടത്തിയിട്ടും നിലവിലുള്ള 33 ദിവസ വേതനക്കാരിൽ ആരെയും ഒഴിവാക്കിയില്ല. താത്കാലിക നിയമനം വീണ്ടും നടത്താനാണ് നീക്കം. പെൻഷൻകാർക്ക് മൂന്ന് ഗഡുക്കളായി അനുവദിച്ച ഡി.എ കുടിശികയുടെ രണ്ടാം ഗഡു ജൂലായിൽ ലഭിക്കേണ്ടത് കിട്ടിയില്ല. ബാക്കിയുള്ളത് നൽകാൻ എട്ട് ഗഡുക്കളായി ഭേദഗതിയും വരുത്തി. ദേവസ്വം ബോർഡിൽ പാഴ്‌ച്ചെലവും ധൂർത്തും നടക്കുന്നുവെന്നും അസോസിയേഷൻ പ്രസിഡന്റ് വി.ആർ. മോഹനൻ, സെക്രട്ടറി എ. ജയകുമാർ എന്നിവർ ദേവസ്വം സെക്രട്ടറി, കമ്മിഷണർ, ലോക്കൽ ഫണ്ട് ഡെപ്യൂട്ടി ഡയറക്ടർ എന്നിവർക്ക് നൽകിയ പരാതിയിൽ ആരോപിച്ചു.