ഗുരുവായൂർ: ഗുരുവായൂർ നഗരസഭാ ചെയർമാന് സ്വന്തം നഗരസഭ ഭരിക്കാൻ സമയമില്ലെന്നും ചെയർമാൻ ഊര് ചുറ്റുന്നത് യു.ഡി.എഫ് ഭരിക്കുന്ന നഗരസഭകളിലെ കുറ്റം കണ്ടുപിടിക്കാനാണെന്നും കെ.മുരളീധരൻ എം.പി. മുന്നൂറ് വാഹനങ്ങൾ പാർക്ക് ചെയ്യാവുന്ന ഒരു പാർക്കിംഗ് സെന്റർ തുടങ്ങിയിട്ട് അവിടെ വാഹനം പാർക്ക് ചെയ്യാൻ അനുവദിക്കാതെ വാഹനങ്ങൾ റോഡിൽ പാർക്ക് ചെയ്യേണ്ട അവസ്ഥയാണ് ഗുരുവായൂരിൽ. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭാ ഓഫീസിലേക്ക് നടത്തിയ ബഹുജനമാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 22 വർഷമായി നഗരസഭ ഭരിക്കുന്നത് ഇടതുപക്ഷമാണ്. എന്നിട്ടും ഈ ക്ഷേത്ര നഗരത്തെ പരിപാലിയ്ക്കാൻ ഇവർക്ക് കഴിയുന്നില്ല. ക്ഷേത്ര നഗരത്തിന്റെ പരിപാവനത്വം പാലിക്കാൻ നഗരസഭ തയ്യാറാകണമെന്നും കെ. മുരളീധരൻ ആവശ്യപ്പെട്ടു.
മമ്മിയൂർ കൈരളി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രതിഷേ മാർച്ചിൽ നൂറ് കണക്കിന് കോൺഗ്രസ് പ്രവർത്തകർ അണിനിരന്നു. യു.ഡി.എഫ് മുൻ ജില്ലാ ചെയർമാൻ ജോസഫ് ചാലിശ്ശേരി സമരപാതക ബ്ലോക്ക് പ്രസിഡന്റ് സി.എ. ഗോപപ്രതാപന് കൈമാറിയാണ് മാർച്ചിന് തുടക്കമായത്. നഗരം വലംവെച്ച് കിഴക്കേനടയിലെത്തിയ മാർച്ച് ബാരിക്കേഡ് വച്ച് ഗുരുവായൂർ അസി.പൊലീസ് കമ്മിഷണർ കെ.ജി. സുരേഷിന്റെ നേതൃത്വത്തിൽ പൊലീസ് തടഞ്ഞു. ബാരിക്കേഡ് ഇളക്കാൻ ശ്രമിച്ച പ്രവർത്തകരുമായി പോലീസ് ഉന്തും തള്ളുമായി. തുടർന്ന് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
മാർച്ചിന്റെ സമാപനയോഗത്തിൽ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.എ. ഗോപപ്രതാപൻ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ ടി.വി. ചന്ദ്രമോഹൻ, കെ.പി.സി.സി സെക്രട്ടറിമാരായ ഷാജി കോടങ്കണ്ടത്ത്, എ. പ്രസാദ്, ഡി.സി.സി സെക്രട്ടറിമാരായ വി. വേണുഗോപാൽ, പി. യതീന്ദ്രദാസ്, കെ.ഡി. വീരമണി, പാവറട്ടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എ.ടി. സ്റ്റീഫൻ മാസ്റ്റർ, നഗരസഭാ പ്രതിപക്ഷ നേതാവ് കെ.പി. ഉദയൻ, ശശി വാറനാട്ട്, കെ.പി.എ റഷീദ് എന്നിവർ സംസാരിച്ചു.