
തൃശൂർ: കോർപ്പറേഷനിൽ പ്രതിപക്ഷനേതാവിന് അനുവദിച്ച മുറി ഒഴിപ്പിക്കാനുള്ള മേയറുടെ തീരുമാനം പിൻവലിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഒരു ഭരണ സമിതിക്കകത്ത് പ്രതിപക്ഷ ശബ്ദം ഉയരുന്നത് ജനാധിപത്യത്തിന്റെ സൗന്ദര്യമാണെന്ന് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ ഓർമ്മിപ്പിച്ചു. ആ സൗന്ദര്യമാണ് മേയർ ഇല്ലാതാക്കുന്നത്. രാജ്യത്തെ പ്രഥമ പാർലമെന്റിൽ കേവലം മൂന്ന് ശതമാനം മാത്രമുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് പ്രതിപക്ഷ നേതൃസ്ഥാനം നൽകിയ ജവഹർലാൽ നെഹ്‌റുവാണ് പ്രതിപക്ഷ ബഹുമാനത്തിന്റെ ഉത്തമ മാതൃക. അത്തരത്തിൽ ബഹുമാനം ഏറ്റുവാങ്ങിയ എ.കെ.ഗോപാലന്റെ പിന്മുറക്കാർ മേയറുടെ വില കുറഞ്ഞ നടപടികൾക്ക് കൂട്ട് നിൽക്കുന്നത് പരിതാപകരമാണ്. നെഹ്‌റു എ.കെ.ജിയെ പ്രതിപക്ഷ നേതാവെന്ന് വിളിച്ചത് ഒരു നിയമത്തിന്റെ പിൻബലത്താലല്ല, മറിച്ച് ജനാധിപത്യത്തിന്റെ പൂർത്തീകരണത്തിനാണെന്ന് ജോസ് വള്ളൂർ ഓർമ്മിപ്പിച്ചു. പത്രസമ്മേളനത്തിൽ ഐ.പി പോൾ, ജോൺ ഡാനിയേൽ, കെ.ഗോപാലകൃഷ്ണൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.