പത്തേമാരിയിൽ യാത്ര ചെയ്ത പ്രവാസികളെ സി.സി. മുകുന്ദൻ എം.എൽ.എ ആദരിക്കുന്നു.
പത്തേമാരി കപ്പൽ യാത്രക്കാരുടെ സംഗമം ശ്രദ്ധേയമായി
തൃപ്രയാർ: ലോഞ്ചുകളിലും പത്തേമാരികളിലും കടൽകടന്ന് മണലാരണ്യങ്ങളിൽ ജീവിതം പടുത്തുയർത്തിയ ആദ്യതലമുറ പ്രവാസികളുടെ ഒത്തുചേരൽ ശ്രദ്ധേയമായി. തൃപ്രയാറിലെ നാട്ടിക സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലാണ് ഇവർ ഒന്നിച്ചത്. 62 വർഷം മുമ്പ് കാൽനടയായി ഗൾഫിലെത്തിയ സാഹസിക സഞ്ചാരി കൊച്ചുമുഹമ്മദായിരുന്നു സദസിന്റെ ശ്രദ്ധാകേന്ദ്രം. കാട്ടൂർ സ്വദേശിയായ കൊച്ചുമുഹമ്മദ് ഇപ്പോൾ വാടാനപ്പള്ളിക്കടുത്ത് തൃത്തല്ലൂരിലാണ് താമസിക്കുന്നത്.
86 വയസ് പിന്നിട്ട അദ്ദേഹം തന്റെ യാത്രാനുഭവങ്ങൾ സദസുമായി പങ്കുവച്ചു. പഞ്ചാബിലെ അതിർത്തി കടന്ന് പാക്കിസ്ഥാനിലെത്തി.
അവിടെ നിന്ന് അഫ്ഗാനിസ്ഥാൻ വഴി ഇറാനിലെക്ക് നടന്നു. ഈ നടത്തം ജീവിതത്തിൽ എന്ത് നേരിട്ടും ഗൾഫിലെത്തുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായുള്ള ഭഗീരഥപ്രയത്‌നമായിരുന്നു. ഒടുവിൽ ഇറാനിൽ നിന്ന് ഗോർഫുഖാൻ തുറമുഖത്തേക്ക് ഉരു (ചെറിയ കപ്പൽ) വിലെത്തി. ബോംബെയിലാണെന്ന് കരുതിയ വീട്ടുകാർ ഗൾഫലേക്കുള്ള കാൽനട യാത്രയൊന്നും അറിഞ്ഞില്ല. അഞ്ചു വർഷം കഴിഞ്ഞാണ് പിന്നീട് നാട്ടലേക്ക് തിരിച്ചുവന്നത്.
പിന്നീട് പലരും തങ്ങളുടെ യാത്രാനുഭവങ്ങൾ പങ്കുവച്ചു. ദിവസങ്ങളോളം പട്ടിണി കിടന്ന് ഛർദ്ദിച്ചവശരായാണ് പലരും തീരമണഞ്ഞത്. രാത്രിയുടെ ഏതോ യാമത്തിൽ ഗൾഫെത്തി, ഉടൻ ചാടുക എന്ന ലോഞ്ചു ജീവനക്കാരുടെ ആജ്ഞ കേട്ട് പലരും എടുത്തു ചാടി. ശരീരം തളർന്ന് മരണപ്പെട്ട സഹയാത്രികരെക്കുറിച്ച് പതിറ്റാണ്ടുകൾക്കിപ്പുറം സംസാരിക്കുമ്പോഴും ചിലർ വിതുമ്പി. പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ മുഖ്യപ്രഭാഷണം നടത്തി. അഞ്ചു പതീറ്റാണ്ട് മുമ്പ് റാസൽഖൈമ തീരത്ത് ലോഞ്ച് മുങ്ങി ചാവക്കാട്, മലപ്പുറം സ്വദേശികളായ 25 പേർ മരണമടഞ്ഞ യാത്രികരെ അദ്ദേഹം സ്മരിച്ചു. സി.സി. മുകുന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കരിം പന്നിത്തടം അദ്ധ്യക്ഷനായി. നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. ദനേശൻ, ഷെരീഫ് ഇബ്രാഹിം, അനസ്, ചന്ദ്രദാസ് വാത്യേത്ത് എന്നിവർ സംസാരിച്ചു.