മാള: ലോകം ഫുട്ബാൾ ലഹരിയിൽ മതിമറക്കുമ്പോൾ മലയാളികൾക്ക് അഭിമാനിക്കാനായി ഫിഫയുടെ സംഘാടകരിലെ ഏക മലയാളി സാന്നിദ്ധ്യമായി മാള സ്വദേശി വർഗീസ് എടാട്ടുകാരൻ. ഫിഫയുടെ ടൂർണമെന്റ് ആൻഡ് ഇവന്റ്‌സ് വിഭാഗത്തിലെ ഏക ഇന്ത്യൻ മാനേജരാണ് വർഗീസ്. കളിക്കളത്തിലിറങ്ങുന്ന എല്ലാ ഫുട്ബാൾ ടീമുകൾക്കും അവരുടെ പ്രതിനിധികൾക്കും, മാദ്ധ്യമപ്രവർത്തകർക്കും, ഫിഫയുടെ സ്റ്റാഫുകൾക്കും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ മേൽനോട്ടം വർഗീസിനാണ്. 2019ലാണ് ഫിഫ അക്കമഡേഷൻ വിഭാത്തിൽ ജോലിയിൽ പ്രവേശിക്കുന്നത്. ഈ വർഷം തന്നെ അണ്ടർ 17 വനിതാ ലോകകപ്പിന്റെ ചുമതല വഹിക്കാനായി ഇന്ത്യയിലുംമെത്തിയിരുന്നു. വിവിധ ഭാഷകൾ കൈകാര്യം ചെയ്യാൻ മിടുക്കുള്ളവരെ ഫിഫ തെരയുന്നതിനിടയിലാണ് വർഗീസിന് നറുക്ക് വീഴുന്നത്. ദുബായ്, സൂറിച്ച് എയർപോർട്ട്, കൗനി ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് എന്നിവടങ്ങളിലെ ജോലി മികവും ഫിഫയിലേക്കുള്ള എത്തിച്ചേരലിന് വഴിയൊരുക്കി.
32 വർഷം മുമ്പാണ് ജർമ്മനിയിൽ ജോലി നേടുകയെന്ന ലക്ഷ്യത്തോടെ വർഗീസ് ദുബായിലേക്ക് പറക്കുന്നത്. ഇതിനായി ജർമ്മൻ ഭാഷ പഠിച്ചു.
ഹോട്ടൽ മാനേജ്‌മെന്റ് പഠിക്കാൻ സ്വിറ്റ്‌സർലാൻഡിലേക്ക് പോയി. പിന്നീട് ദുബായിലേക്ക് തിരിച്ചെത്തി. ജർമ്മൻ ഭാഷയിലുള്ള പ്രാവിണ്യം മൂന്നുതവണ അഭിമുഖം വരെയെത്തി പരാജയപ്പെട്ട എമിറേറ്റ്‌സ് ടൂർസിലെ ജർമൻ വകുപ്പിൽ ജോലിക്ക് പ്രവേശിക്കാൻ എളുപ്പമാക്കി. ഇതിനിടെ സ്വിറ്റ്‌സർലൻഡുകാരിയായ സുസനെ വിവാഹം കഴിച്ച് സ്വിസ് പൗരത്വം നേടി. ദുബായ് എയർപോർട്ടിലെ ജർമ്മൻ വിഭാഗത്തിൽ പത്ത് വർഷം ജോലി ചെയ്ത ഏക ഇന്ത്യക്കാരൻ കൂടിയാണ് വർഗീസ്.