ചാലക്കുടി: പൂമുഖത്തും കവാടത്തിലും എല്ലാ രാജ്യങ്ങളുടെ പതാക. വീടിന് നിറം അർജന്റീനയുടെയും. ലോകകപ്പ് ആവേശത്തെ ആഘോഷമാക്കുകയാണ് ചാലക്കുടിയിലെ ഫുട്ബാൾ കാരണവർ ടി.കെ. ചാത്തുണ്ണി. വീടിന്റെ മുൻവശത്ത് നീലയും വെള്ളയും പൂശിക്കഴിഞ്ഞു. അകത്തെ പെയിന്റിംഗ് തകൃതിയായും നടക്കുന്നു. 32 രാജ്യങ്ങളുടെയും കൊടികൾ നാട്ടി, വീടിന്റെ കവാടത്തിന് പുറത്തുവരെ ലോക കാൽപ്പന്തുകളിയുടെ ആഘോഷം എത്തിച്ചിട്ടുണ്ട് ദേശീയ മത്സരങ്ങളിൽ ബൂട്ടിട്ട എഴുപത്തിയൊമ്പതുകാരൻ ചാത്തുണ്ണിയേട്ടൻ. മെസി, റൊണാൾഡോ എന്നീ ഇതിഹാസ താരങ്ങളുടെ ഫ്‌ളക്‌സ് ബോർഡുകൾ ഗെയ്റ്റിൽ സ്ഥാനം പിടിച്ചു. നൈമർ, എംബാബെ എന്നിവർക്കും തൊട്ടടുത്ത സഹോദരന്റെ വീട്ടിലൂടെ സ്ഥാനം കൊടുത്തിട്ടുണ്ട്. അർജന്റീനയുടെ ഡിമരിയയ്ക്കും പരിഗണന നൽകണമെന്ന് ആഗ്രഹമുണ്ടെങ്കിലും സ്ഥലപരിമിതി തടസമായി. മെസിയുടെ ടീമായ അർജന്റീനയോട് ചെറിയ സോഫ്റ്റ് കോർണറുണ്ട്. അതുകൊണ്ടാണ് വീടിന് മൊത്തമായി അവരുടെ ടീമിന്റെ നിറം ചാർത്തിയതെന്ന് ഊണിലും ഉറക്കത്തിലും കാൽപ്പന്തുകളിയെ മാത്രം താലോലിക്കുന്ന ആദ്യകാല സ്റ്റോപ്പർ ബാക്ക് ചാത്തുണ്ണി പറയുന്നു. ബ്രസീലിൽ നടന്ന 2014 ലെ മത്സരത്തിൽ ജർമ്മനിക്ക് വിജയ സാദ്ധ്യതയെന്ന് താൻ മുൻകൂട്ടി പറഞ്ഞതും കാരണവർ അയവിറക്കി. കളി നേരിട്ട് കാണാൻ ഇത്തവണ അവസരം കൈവന്നതാണ്. ശാരീരികാസ്വസ്ഥ്യം ആ മഹാഭാഗ്യത്തെ തട്ടിത്തെറിപ്പിച്ചു. കഴിയുന്നത്ര കളികൾ വീട്ടിലിരുന്ന് കാണാനാണ് തീരുമാനം. അതോടൊപ്പം നിരീക്ഷണങ്ങളും നിഗമനങ്ങളുമുണ്ടാകും. കൊവിഡ് മഹാമാരിക്ക് ശേഷമുള്ള കായിക മാമാങ്കത്തെ ഇക്കുറി നാട് ഒന്നടങ്കമാണ് വരവേൽക്കുന്നത്. ഇതെല്ലാം കാണുമ്പോൾ ആഹ്‌ളാദത്തിൽ മുഴുകുകയാണെന്നും ഇന്ത്യയുടെ അഭിമാനമായ ചാലക്കുടിക്കാരൻ ചാത്തുണ്ണി പറയുന്നു.
ഖത്തർ ലോകകപ്പ് ആർക്കെന്ന പ്രവചനം അസാദ്ധ്യമാണ്. ജനപ്രിയ ടീമുകളെ അട്ടിമറിച്ച് മറ്റൊരു സംഘം കപ്പിൽ മുത്തമിട്ടാലും അത്ഭുതപ്പെടാനില്ല.
-ടി.കെ. ചാത്തുണ്ണി.