mupliyam-yogam
മന്ത്രിമാരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചശേഷം വിമൽജ്യോതി സ്‌കൂളിൽ ചേർന്ന യോഗം.

പുതുക്കാട്: ചിമ്മിനി ഡാം നിർമ്മാണത്തിനായി സ്ഥലമേറ്റെടുത്തപ്പോൾ കുടിയൊഴിപ്പിക്കപ്പെട്ട 17 കുടുംബങ്ങൾക്ക് നീണ്ട 30 വർഷത്തെ കാത്തിരിപ്പിന് ശേഷം ഭൂമി കൈമാറുന്നു. കുടിയിറക്കപ്പെട്ട 17 കുടുംബങ്ങൾക്കായി മുപ്ലിയം വില്ലേജിൽ ജലവിഭവ വകുപ്പ് 7ഏക്കർ സ്ഥലം കണ്ടെത്തി. സ്ഥലം റവന്യൂ മന്ത്രി അഡ്വ. കെ.രാജൻ, പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ, ജില്ലാ കളക്ടർ ഹരിത വി. കുമാർ, സബ് കളക്ടർ അഹമ്മദ് ഷഫീഖ്, എസ്.ടി ഡെവലപ്‌മെന്റ് ഡയറക്ടർ അർജുൻ പാണ്ഡ്യ, ഡെപ്യൂട്ടി കളക്ടർമാരായ യമുനാദേവി, പി.എ. വിഭൂഷണൻ, ചാലക്കുടി തഹസിൽദാർ ഇ.എൻ. രാജു, എൽ.എ തഹസിൽദാർ വി.ബി. ജ്യോതി, അഡീഷണൽ തഹസിൽദാർമാരായ എൻ. അശോക് കുമാർ, പഞ്ചായത്ത് പ്രസിഡന്റ് അജിതാ സുധാകരൻ, ഊരുമൂപ്പൻ ഗോപാലൻ എന്നിവരടങ്ങുന്ന സംഘം സന്ദർശിച്ചു. തുടർന്ന് വിമൽ ജ്യോതി സ്‌കൂളിൽ ചേർന്ന യോഗത്തിൽ സ്ഥലം ലഭിക്കുന്ന കുടുംബങ്ങളുമായി സംസാരിച്ചു.

മുപ്പതാണ്ട് നീണ്ട പോരാട്ടത്തിന്റെ ശുഭഫലം
ചിമ്മിനി ഡാം നിർമ്മാണത്തിനായി കുടിയൊഴിക്കപ്പെട്ട ആദിവാസികൾക്ക് സർക്കാർ വാഗ്ദാനം ചെയ്ത ഭൂമി മുഴുവനും ലഭ്യമാകാൻ എടുത്തത് 30 ആണ്ട് നീണ്ട പോരാട്ട നാൾവഴികൾ. ചിമ്മിനി വനമേഖലയിലെ നടാംപാടം കോളനിയിലായിരുന്നു ആദിവാസി കോളനി. ഡാമിൽ വെള്ളം സംഭരിക്കുന്നതോടെ ഇവർ താമസിച്ചിരുന്ന സ്ഥലം മുങ്ങിപ്പോകുമെന്നതിനാൽ കുടിയൊഴിപ്പിച്ചു. ഡാമിന്റെ നിർമ്മാണം ആരംഭിച്ച അന്ന് മുതൽ ആദിവാസികൾക്ക് കുടിയൊഴിപ്പിക്കൽ ഭീഷണി നിലനിന്നു. ഡാമിൽ ജല സംഭരണമാരംഭിച്ചിട്ടും കുടിയൊഴിപ്പിക്കുന്നവരെ പുനരധിവസിപ്പിക്കാൻ സർക്കാരുകൾക്ക് സാധിച്ചില്ല. തുടർന്ന് ആദിവാസികൾ സമരം ആരംഭിച്ചു. ആദ്യം കോൺഗ്രസിന്റെയും കുറെക്കാലം കഴിഞ്ഞപ്പോൾ സി.പി.എമ്മിന്റെയും പിന്നീട് സി.പി.ഐ (എം.എൽ) ന്റെയും നേതൃത്വത്തിൽ സമരം നടന്നു. വർഷങ്ങൾക്കു ശേഷം നടാംപാടത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലം വാങ്ങി ഓരോ കുടുംബത്തിനും 65 സെന്റ് സ്ഥലവും വീടും നൽകി. വർഷങ്ങൾ പിന്നിട്ടിട്ടും ശേഷിച്ച ഭൂമി കിട്ടാതായപ്പോൾ ആദിവാസികൾ വീണ്ടും സമരം തുടങ്ങി. ഒടുവിൽ രണ്ട് വർഷം മുമ്പ് ആദിവാസികൾക്കു കൂടി ഇഷ്ടപ്പെട്ട മുപ്ലിയം വില്ലേജിലെ ഭൂമി നൽകാൻ സർക്കാർ തയ്യാറായി. താമസ സ്ഥലത്തുനിന്നും പത്ത് കിലോമീറ്റർ ദൂരം മാറിയാണ് 35 സെന്റ് വീതം നൽകുന്നത്.