കൊടുങ്ങല്ലൂർ: നഗരസഭയിലെ ഉഴുവത്തുകടവിൽ കുളത്തിലെ മത്സ്യക്കൃഷി നശിപ്പിക്കുകയും ജൈവവള സംഭരണികൾ മോഷ്ടിക്കുകയും ചെയ്തതായി പരാതി. സർക്കാർ സബ്‌സിഡിയോടുകൂടി 25 സെന്റിൽ കൃഷി ചെയ്തുവരുന്ന ഉഴവത്തുകടവ് വട്ടപ്പറമ്പിൽ ഷാജഹാന്റെ ഉടമസ്ഥതയിലുള്ള ഫാമിലാണ് സംഭവം. ഇന്നലെ രാവിലെ കൃഷിയിടത്തിൽ എത്തിയപ്പോഴാണ് മോഷണ വിവരമറിഞ്ഞത്. കഴിഞ്ഞ ദിവസം കുളത്തിലെ മത്സ്യങ്ങൾ ചത്തുപൊങ്ങുകയും വെള്ളത്തിന് നിറംമാറ്റം സംഭവിക്കുകയും ചെയ്തിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് ജൈവവളം സൂക്ഷിച്ചിരുന്ന രണ്ട് ഡ്രമ്മുകൾ കാണാതായതായി അറിഞ്ഞത്. ഡ്രമ്മുകളിലെ വളം കുളത്തിൽ ഒഴുക്കിയതിനെ തുടർന്നാണ് മീനുകൾ ചത്തതെന്ന് ഷാജഹാൻ കൊടുങ്ങല്ലൂർ പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.