പുതുക്കാട്: ശബരിമല തീർത്ഥാടന കാലമാകാറായിട്ടും ഇടത്താവളമായ കുറുമാലിക്കാവിൽ ഭക്തർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ എർപ്പെടുത്തുന്നില്ലെന്ന കേരളകൗമുദി വാർത്താ പരമ്പരയെത്തുടർന്ന് പരിഷ്‌ക്കരണ നടപടികൾ തുടങ്ങിവച്ച് ദേവസ്വം. കുറുമാലിക്കാവ് പടിഞ്ഞാറെ നടയിലെ കുറ്റിക്കാടുകൾ നീക്കം ചെയ്തു. ഭക്തരുടെ പ്രഥമിക ആവശ്യങ്ങൾ നിർവഹിക്കാനായി രണ്ട് താത്ക്കാലിക ശുചിമുറികൾകൂടി സ്ഥാപിച്ചു. കിണറിനടുത്ത് നിലവിലുള്ള ശുചിമുറിയോട് ചേർന്നാണ് താത്ക്കാലിക ശുചിമുറി സ്ഥാപിച്ചത്. തീർത്ഥാടകർക്ക് പടിഞ്ഞാറെ നടയിലേക്ക് ശുദ്ധജലമെത്തിച്ചു. കുറുമാലിക്കാവിൽ ഭക്തർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങളൊന്നും തന്നെ ദേവസ്വം ഒരുക്കുന്നില്ലെന്ന് നിരന്തരം വാർത്തകൾ നൽകുകയും കേരളകൗമുദി വാർത്താപരമ്പര ചെയ്യുകയും ചെയ്തിരുന്നു. ഇതേത്തുടർന്നാണ് ദേവസ്വം പരിഷ്‌ക്കരണ നടപടികൾ തുടങ്ങിവച്ചത്.
അതേസമയം കുറുമാലിക്കാവിന് സമീപം കിഴക്കേനടയിലെ കുറ്റിക്കാടുകൾ ഇനിയും നീക്കം ചെയ്തിട്ടില്ല. കുളിക്കടവുകളിലെ ചെളി നീക്കം ചെയ്യൽ, മാലിന്യ സംസ്‌ക്കരണത്തിന് ശാസ്ത്രിയ മാർഗങ്ങൾ സ്വീകരിക്കൽ, ഊട്ടു പുര നവീകരണം തുടങ്ങിയ പ്രവൃത്തികൾ ഇനിയും പൂർത്തിയാകാതെ കിടക്കുകയാണ്. നിരവധി കാര്യങ്ങൾ ചെയ്യാനിരിക്കെ പേരിന് മാത്രം ചിലത് ചെയ്ത് ദേവസ്വം ബോർഡ് ഭക്തരുടെ കണ്ണിൽ പൊടിയിട്ട് രക്ഷപ്പെടുകയാണെന്ന ആക്ഷേപമാണ് ഇപ്പോൾ സജീവമായിട്ടുള്ളത്.
അന്നദാനം നടത്തുന്നത് അയപ്പസേവ സംഘം: പണം പിരിക്കുന്നത് ദേവസ്വം
ക്ഷേത്രത്തിൽ ശബരിമല തീർത്ഥാടകർ ഉൾപ്പടെ ദിനംപ്രതി എത്തുന്ന നൂറുകണക്കിന് ഭക്തർക്ക് ഉച്ചവരെ സൗജന്യമായി ഭക്ഷണം നൽകുന്നത് അഖില ഭാരത അയ്യപ്പ സേവാസംഘമാണ്. ക്ഷേത്രപരിസരം ശുചീകരണം നടത്തുന്നതും അയപ്പസേവാസംഘം പ്രവർത്തകരാണ്. ഓരോ ദിവസവും അയപ്പസേവാ സംഘത്തിന്റെ വ്യത്യസ്ഥ യൂണിറ്റുകൾക്കാണ് ശുചീകരണത്തിന്റൈയും ഭക്ഷണ വിതരണത്തിന്റെയും ചുമതല. എന്നാൽ അന്നദാനത്തിനായി ദേവസ്വം ബോർഡിന്റെ രസീത് ഉപയോഗിച്ച് ദേവസ്വം ജീവനക്കാർ സംഭാവന പിരിക്കുന്നു. അയപ്പ സേവാസംഘം നടത്തുന്ന അന്നദാനം ക്ഷേത്ര ഉപദേശക സമിതിയുടെ സഹകരണത്തോടെയാണെന്നാണ് ദേവസ്വം ബോർഡ് പ്രചരണം. എന്നാൽ ക്ഷേത്രത്തിൽ ഉപദേശകസമിതി നിലവിലില്ല. ക്ഷേത്രപ്പറമ്പിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ നിന്നും പാർക്കിംഗ് ഫീസും ദേവസ്വം വാങ്ങുന്നുണ്ട്.