 
കൊടകര: തൃശൂർ റൂറൽ ജില്ലയിലെ ചാലക്കുടി സബ് ഡിവിഷനിലെ 13 വിദ്യാലയങ്ങളിലെ 550 സൂപ്പർ സീനിയർ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡിന് കൊടകര ഗവ. നാഷണൽ ബോയ്‌സ് ഹൈസ്‌കൂൾ മൈതാനി വേദിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മുഖ്യാതിഥിയായി പരേഡിന്റെ അഭിവാദ്യം സ്വീകരിച്ചു. കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമൻ, തൃശൂർ റൂറൽ ജില്ലാ എ.ഡി.എൻ.ഒ: ടി.ആർ. മനോഹരൻ എന്നിവർക്കും പരേഡ് അഭിവാദ്യമർപ്പിച്ചു. കൊടകര പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ദിവ്യ ഷാജു, വാർഡ് അംഗം സി.ഡി. സിബി, കൊടകര പൊലീസ് സബ് ഇൻസ്‌പെക്ടർ ഇ.എ. സുരേഷ് എന്നിവർക്കൊപ്പം വിവിധ വിദ്യാലയങ്ങളിലെ പ്രധാനാദ്ധ്യാപകർ, പി.ടി.എ, എസ്.എം.സി പ്രതിനിധികൾ തുടങ്ങിയവരും പങ്കെടുത്തു. ചെമ്പൂച്ചിറ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ സൂപ്പർ സീനിയർ കേഡറ്റ് ഇന്ദ്രതേജസ് ഷാജി പരേഡ് കമാൻഡറായും കൊരട്ടി ലിറ്റിൽ ഫ്‌ളവർ കോൺവെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ സൂപ്പർ സീനിയർ കേഡറ്റ് മാളവിക മനോജ് സെക്കന്റ് ഇൻ കമാൻഡറായും പരേഡ് നയിച്ചു. വിവിധ വിദ്യാലയങ്ങളിലെ ഡ്രിൽ ഇൻസ്ട്രക്ർമാർ, സി.പി.ഒമാർ തുടങ്ങിയവർ പരേഡിന് നേതൃത്വം നൽകി.