1

തൃശൂർ: പലയിടത്തും പുല്ല് പിടിച്ചതിനാൽ ലൈൻ കാണാതെ ചിലർ ട്രാക്ക് മാറി ഓടിയതും മത്സരങ്ങൾ വൈകിയതും ജില്ലാ കായികമേളയുടെ തിളക്കം കുറച്ചെങ്കിലും പരിമിതികളുടെ കടമ്പകൾ ചാടി മിന്നുംപ്രകടനങ്ങളാണ് മത്സരാർത്ഥികൾ കാഴ്ചവച്ചത്.

ഒളിമ്പ്യൻമാർ പിറന്ന തൃശൂരിൽ സിന്തറ്റിക് ട്രാക്ക് ഉണ്ടായിരുന്നെങ്കിൽ എന്ന മോഹമാണ് എല്ലാ മത്സരാർത്ഥികളും പരിശീലകരും പങ്കിട്ടത്. തൃശൂരിൽ നിന്ന് ദേശീയതാരങ്ങളായി വളർന്നവർക്കുപോലും നാട്ടിൽ പരിശീലനത്തിന് സൗകര്യമില്ലെന്ന പരാതിയുണ്ട്.

കോർപറേഷൻ സ്റ്റേഡിയത്തിലെങ്കിലും സിന്തറ്റിക് ട്രാക്ക് ഉണ്ടാകണമെന്ന ആഗ്രഹവും പ്രതീക്ഷയുമാണ് പുതുതലമുറയിലെ കായികതാരങ്ങൾ പങ്കുവയ്ക്കുന്നത്.

അമ്മയുടെ 'ട്രാക്കിൽ' ഓടിയ ജാൻസോ ഷോണിക്ക് കായികമേളയിൽ പിൻതിരിഞ്ഞ് നോക്കേണ്ടി വന്നില്ല. നാനൂറ് മീറ്റർ ഓട്ടത്തിലും ലോംഗ് ജമ്പിലും ഒന്നാം സ്ഥാനം. ഇന്ന് 200 മീറ്ററിൽ മത്സരിക്കുന്നുണ്ട്, മേളയുടെ താരമാകുമെന്ന പ്രതീക്ഷയോടെ.

പഠനകാലത്ത് അമ്മ ജാൻസിയും ജില്ലാതല സ്‌കൂൾ അത്‌ലറ്റിക് മത്സരങ്ങളിലെ താരമായിരുന്നു. ഓട്ടത്തിലും ലോംഗ് ജമ്പിലുമെല്ലാം മെഡലുകളണിഞ്ഞ അമ്മയുടെ പ്രേരണയും പിതാവ് ഷോണിയുടെ പ്രോത്സാഹനവുമായപ്പോൾ ജാൻസോയും മെഡലുകൾ വാരിക്കൂട്ടി.

ഫുട്‌ബോളിലും മിന്നും താരമാണ് ജാൻസോ. പറപ്പൂർ എഫ്.സി.യുടെ താരമായ ജാൻസോയുടെ കാലുകളിൽ പന്തെത്തിയാൽ ഗോൾ ഉറപ്പാണെന്ന് കൂട്ടുകാർ പറയുന്നു. പക്ഷേ, ഈ വർഷം പത്താം ക്ലാസിലായതുകൊണ്ട് ഫുട്‌ബോൾ മത്സരങ്ങൾക്കില്ല. ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശമാണ് മനസിൽ നിറയെ. തലോർ ദീപ്തി എച്ച്.എസിലെ വിദ്യാർത്ഥിയാണ് ജാൻസോ.