ചാലക്കുടി: ആയുർവേദാചാര്യൻ പത്മഭൂഷൺ രാഘവൻ തിരുമുൽപ്പാടിന്റെ 12-ാം അനുസ്മരണ സമ്മേളനം നാളെ നടക്കുമെന്ന് നഗരസഭാ ചെയർമാൻ എബി ജോർജ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജൂബിലി ഹാളിൽ വൈകിട്ട് 3.30ന് ചടങ്ങ് ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഇത്തവണത്തെ രാഘവൻ തിരുമുൽപ്പാട് പുരസ്‌കാരം പാലക്കാട്ടെ ആയൂർവേദ ഡോക്ടർ വി. രാജ്‌മോഹനന് എം.എൽ.എ സമ്മാനിക്കും. ആലങ്കോട് ലീലാകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തും. നഗരസഭാ പരിധിയിലെ സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഉപന്യാസ മത്സര വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്യും. വൈസ് ചെയർപേഴ്‌സൺ ആലിസ് ഷിബു, ഡോ. കെ.മുരളി എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.