തൃശൂർ: 14 സ്വർണവും ഒരു വെള്ളി മെഡലുമായി കാൾഡിയൻസ് സിറിയൻ സ്‌കൂളിലെ കായികാദ്ധ്യാപകനും ആന്റോസ് അത്‌ലറ്റിക്‌സ് അക്കാഡമിയുടെ അമരക്കാരനുമായ പി.വി. ആന്റോയുടെ ശിഷ്യന്മാർ കളം പിടിച്ചു. തിങ്കളാഴ്ച ഏഴ് മെഡലുകളാണ് ഇവർ നേടിയത്. 100 മീറ്റർ ഓട്ടമത്സരങ്ങളിൽ ജേതാക്കളായ വി.എം. അശ്വതി, വിജയകൃഷ്ണൻ, കെ.എസ്. ആര്യനന്ദ തുടങ്ങിയവരുടെ മെഡൽ നേട്ടങ്ങളുടെ തിളക്കമാണ് രണ്ടാം ദിനത്തിൽ നേട്ടമായത്. ഇതിൽ വി.എം. അശ്വതി ട്രിപ്പിൾ സ്വർണം നേടി.
ലോംഗ് ജമ്പ് ഗേൾസ്, 100 മീറ്റർ, ഹർഡിൽസ് എന്നിവയിലാണ് അശ്വതിയുടെ സ്വർണനേട്ടം. ജൂനിയർ ബോയ്‌സ് 100 മീറ്റർ, ഹർഡിൽ എന്നിവയിലൂടെയാണ് വിജയ് കൃഷ്ണ ഇരട്ട സ്വർണം നേടിയത്. ഒല്ലൂർ സ്വദേശിയാണ്. കാൾഡിയൻ സ്‌കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയായ വിജയ്കൃഷ്ണ ജൂനിയർ 110 ഹർഡിൽസിൽ സ്വർണം നേടിയിരുന്നു. മുൻസൈനികനായ സുരേഷ് - ജിഷ ദമ്പതികളുടെ മകനാണ്. രണ്ട് നാഷണൽസ്, അഞ്ച് സംസ്ഥാന തല മത്സരങ്ങൾ എന്നിവയിൽ നേരത്തെ നടന്ന വിവിധ മത്സരങ്ങളിൽ സ്വർണമെഡൽ നേടിയിട്ടുണ്ട്.
100 മീറ്റർ ഗേൾസിൽ സേക്രഡ് ഹാർട്ട് സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായ ആര്യനന്ദ വെള്ളാനിക്കര സ്വദേശിനിയാണ്. 12.80 മിനിട്ടിലാണ് നേട്ടം.1500 മീറ്റർ ജൂനിയർ ഗേൾസിൽ ഒന്നാമതെത്തിയ ഏയ്ഞ്ചൽ ആന്റണി ചേർപ്പ് സി.എൻ.എൻ ബി.എച്ച്.എസിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ്. ചേർപ്പ് സ്വദേശി ആന്റണിയുടെയും പ്രീതിയുടെയും മകളാണ്.
ഒരോ മത്സരം കഴിയുമ്പോഴും പ്രതീക്ഷകളുടെ മൈതാനത്ത് ആവേശം കൊള്ളുകയായിരുന്നു ആന്റോ.