പുതുക്കാട്: ദേശീയപാത പുതുക്കാട് സിഗ്‌നൽ ജംഗ്ഷനിൽ അടിപ്പാത നിർമ്മാണത്തിനായുള്ള കാത്തിരിപ്പ് നീളുമ്പോൾ പ്രതിദിനം അപകടങ്ങൾ ഉണ്ടാകുന്നു. ദേശീയപാത നാലുവരിയായി വർദ്ധിപ്പിച്ച് പത്ത് വർഷം കഴിഞ്ഞപ്പോഴക്കും നൂറുകണക്കിന് അപകടങ്ങളാണ് ഇവിടെ ഉണ്ടായത്. ഇതുവരെ ഇവിടെ നടന്ന അപകടങ്ങളിൽ ജീവൻ നഷ്ടപെട്ടത് 40 പേരുടെതാണ്. മരിച്ചതിന് തുല്യമായി ജീവിച്ചിരിക്കുന്നവരും ഒരു ഡസനോളം പേർ. ചെറുതും വലതുമായി പരിക്കേറ്റവരും ഏറെ. അപകടത്തിൽ വാഹനങ്ങൾക്കുണ്ടായ നാശനഷ്ടങ്ങളും വേറെ.
അടിപ്പാത നിർമ്മിക്കുമെന്ന് ദേശീയപാത അതോറിറ്റി ഹൈക്കോടതിക്ക് ഉറപ്പ് നൽകിയിരുന്നു. അടിപ്പാത നിർമാണത്തിന് ആവശ്യമായിവരുന്ന അധിക ഭൂമി സർക്കാർ എറ്റെടുത്തു. പാലം നിർമ്മാണത്തെക്കുറിച്ച് കെ.കെ. രാമചന്ദ്രൻ എം.എൽ.എ നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചിരുന്നു. ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്നതോടെ അടിപ്പാതയുടെ നിർമ്മാണവും നടത്താമെന്നാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി നിയമസഭയിൽ മറുപടി നൽകിയത്. ദേശീയപാത ഇനി ആറുവരിയാക്കി വികസിപ്പിക്കുന്നത് എന്നാണെന്ന കാര്യത്തിലും ഇനിയും വ്യക്തത ഇല്ല. അടിപ്പാതയുടെ രൂപരേഖ രണ്ട് തവണ മാറ്റം വരുത്തിയതാണ്. ആറുവരിയായി ദേശീയപാത വികസിപ്പിക്കുന്നതോടെ അടിപ്പാതയുടെ രൂപകൽപ്പന വീണ്ടും മാറും. എന്നാൽ ചാലക്കുടിയിൽ അടിപ്പാതയുടെ നിർമ്മാണത്തിന് ദേശീയപാത വികസനം തടസമായില്ല. പുതുക്കാട് അടിപ്പാതയുടെ നിർമ്മാണം നടക്കുമ്പോഴേക്കും എത്ര ജീവിതങ്ങൾ കൂടി ഹോമിക്കേണ്ടി വരുമോ എന്നാണ് നാട്ടുകാർ ചോദിക്കുന്നത്. ഇന്നലെ മാത്രം സിഗ്‌നൽ ജംഗ്ഷനിൽ രണ്ട് അപകടങ്ങൾ നടന്നു. ഉച്ചയ്ക്ക് കാറിൽ ബൈക്കിടിച്ചു. വൈകിട്ട് രണ്ട് ബൈക്കുകൾ കൂട്ടി ഇടിച്ചുമായിരുന്നു അപകടങ്ങൾ.