ചാലക്കുടി: നഗരസഭയിൽ പുതിയ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരെ തിരഞ്ഞെടുത്തു. ജോർജ് തോമസ് (വികസനം), ജിജി ജോൺസൺ (ക്ഷേമ കാര്യം), സൂസമ്മ ആന്റണി (പൊതുമരാമത്ത്), ദീപു ദിനേശ് (ആരോഗ്യം), സൂസി സുനിൽ (വിദ്യാഭ്യാസം) എന്നിവരാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. നഗരസഭാ കൗൺസിലിൽ യു.ഡി.എഫിന് മൃഗീയ ഭൂരിപക്ഷമുള്ളതിനാൽ സ്ഥിരംസമിതി അദ്ധ്യക്ഷരുടെ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് അംഗങ്ങൾ പത്രിക നൽകിയിരുന്നില്ല. യു.ഡി.എഫിലെ ധാരണാപ്രകാരം മുൻ അദ്ധ്യക്ഷർ രാജിവച്ച ഒഴിവിലേയ്ക്കായിരുന്നു തിരഞ്ഞെടുപ്പ്. വാഴച്ചാൽ ഡി.എഫ്.ഒ ആർ. ലക്ഷ്മിയായിരുന്നു വരണാധികാരി. ചെയർമാൻ എബി ജോർജ് അദ്ധ്യക്ഷത വഹിച്ചു.