പാവറട്ടി: ബ്രസീൽ ടീമിനോടുള്ള ആരാധന മൂത്ത് സ്വന്തം ജീവിതത്തിലെ ഉപജീവന മാർഗമായ ഓട്ടോറിക്ഷയുടെ മേൽ ബ്രസീൽ ടീമിലെ മുഴുവൻ കളിക്കാരുടെ ചിത്രങ്ങളും സ്റ്റിക്കറും പതിപ്പിച്ചിരിക്കുകയാണ് വെങ്കിടങ്ങുകാരൻ. ഓർമ്മവച്ച നാൾ മുതൽ ബ്രസീലിന്റെ കടുത്ത ആരാധകനാണ്. ഒരാഴ്ചയോളം ഡിസൈൻ ചെയ്യാനും സ്റ്റിക്കർ പതിപ്പിക്കുവാനും വേണ്ടിവന്നു. തൊയക്കാവ് ജലസംഭരണി ടാങ്കിന് സമീപം ഓട്ടോറിക്ഷ ഓടിക്കുന്ന നാച്ചുക്ക എന്ന് വിളിക്കുന്ന നൗഷാദ് കടുത്ത ബ്രസീലിന്റ ആരാധകനാണ്. നെയ്മർ ഉൾപ്പെടെ എല്ലാ കളിക്കാരുടെയും പടങ്ങൾ സ്റ്റിക്കർ പതിപ്പിച്ചിട്ടുണ്ട്. ഇതുമാത്രമല്ല വണ്ടിയിലെ ചെറിയ ടി.വി സ്‌ക്രീനിലും വേൾഡ് കപ്പിന്റെ സംഗീതവും അറബിക് വേൾഡ് കപ്പ് പാട്ടും യാത്രക്കാർക്ക് ഒരുക്കിയിട്ടുണ്ട്. അതിനുപുറമേ ഓട്ടോറിക്ഷയുടെ ഉള്ളിൽ ഫിഫ വേൾഡ് കപ്പിന്റെയും ഖത്തറിന്റെയും സ്റ്റിക്കറുക്കൾ ഉണ്ട്. ഓട്ടം വിളിച്ച് പോകുന്ന സ്ഥലങ്ങളിൽ ബ്രസീൽ ആരാധകരുടെയും ഫുട്ബാൾ ആരാധകരുടെയും ഫോട്ടോയെടുക്കാൻ ഒന്ന് വണ്ടി നിറുത്തുമോ എന്ന ചോദ്യം ലോകകപ്പ് ജനങ്ങൾ എത്രത്തോളം നെഞ്ചിലേറ്റി എന്നതിനെ തെളിവാണെന്നും അദ്ദേഹം പറയുന്നു. നാച്ചുക്കയുടെ ബ്രസീലിനോടുള്ള ആരാധകരോടൊപ്പം ഐക്യദാർഢ്യവുമായി ചെറുപ്പക്കാർക്കിടയിലും ഇരുചക്ര വാഹനങ്ങളിൽ ബ്രസീൽ ടീമിന്റെ സ്റ്റിക്കർ പതിച്ചിട്ടുണ്ട്.
ഖത്തർ ലോകകപ്പ് ബ്രസീലിന് ഉള്ളതാണ്. അർജന്റീന സെമി വരെയേ കളിക്കൂ. ബ്രസീലിന്റെ സ്വപ്ന ഫൈനൽ കാണാൻ ആഗ്രഹമുണ്ട്.
-നാച്ചുക്ക.