council

കൊടുങ്ങല്ലൂർ: മൂന്ന് ഹെൽത്ത് സെന്ററുകൾ ഭരണപക്ഷം വീതിച്ചെടുത്തുവെന്ന് ആരോപിച്ച് ചോദ്യങ്ങളുമായി ബി.ജെ.പി കൗൺസിലർമാർ സീറ്റിൽ നിന്നും എഴുന്നേറ്റതോടെ കൗൺസിലിന്റെ ആരംഭത്തിലേ തർക്കവും ബഹളവും. നഗരസഭ അദ്ധ്യക്ഷ അജണ്ടകൾ വായിക്കുന്നതിനിടെയായിരുന്നു തർക്കം.

നഗരസഭയിൽ അനുവദിച്ച മൂന്ന് ഹെൽത്ത് സെന്ററുകൾ സി.പി.ഐയും സി.പി.എമ്മും പങ്കിട്ടെടുത്തുവെന്നായിരുന്നു ആരോപണം. ഇതിൽ ഒന്ന് ബി.ജെ.പി കൗൺസിലറുടെ വാർഡിൽ സ്ഥാപിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ കഴിഞ്ഞ കൗൺസിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തതെന്നും ബി.ജെ.പി ഇറങ്ങിപ്പോയതിനാൽ അറിയാത്തതാണ് കാരണമായതെന്നും ഭരണപക്ഷവും വാദിച്ചതോടെ ബഹളമായി. ഇതോടെ അജണ്ടകൾ പാസാക്കിയതായി പ്രഖ്യാപിച്ച് ചെയർപേഴ്‌സൺ എം.യു ഷിനിജ സീറ്റിൽ നിന്നും ഇറങ്ങിപ്പോയി. ജനകീയമായ ബി.ജെ.പി കൗൺസിലർമാരുടെ ചോദ്യങ്ങളിൽ ഉത്തരംമുട്ടിയ ചെയർപേഴ്‌സൺ കൗൺസിൽ അവസാനിപ്പിച്ച് ഇറങ്ങിപ്പോയതായി പ്രതിപക്ഷനേതാവ് ടി.എസ് സജീവൻ ആരോപിച്ചു. കൗൺസിലിൽ 61 അജണ്ടകളാണ് ഉണ്ടായിരുന്നത്. രണ്ട് ദിവസം ചർച്ച ചെയ്താലും തീരാത്ത വിഷയങ്ങളിൽ ജനകീയമായ അഭിപ്രായത്തിന് പോലും സമയം നൽകാത്ത ഈ രീതി തുടരുന്നതിനെ പ്രതിപക്ഷ നേതാവ് വിമർശിച്ചു. പ്രതിപക്ഷ ഉപനേതാവ് രശ്മി ബാബു, പൊതുമരാമത്ത് സ്റ്റാൻഡിംഗ് ചെയർമാൻ ഒ.എൻ ജയദേവൻ, പാർലമെന്ററി പാർട്ടി സെക്രട്ടറി ശാലിനിവെങ്കിടേഷ്, കെ.എസ് ശിവറാം, വിനിത ടിങ്കു തുടങ്ങിയവർ സംസാരിച്ചു.


ജനാധിപത്യത്തെ വെല്ലുവിളിക്കുന്നുവെന്ന് കോൺഗ്രസ്

കൗൺസിലിൽ തുടർച്ചയായി ചർച്ചയില്ലാതെ 104 ഓളം അജണ്ടകൾ പാസാക്കി ജനങ്ങളെയും ജനാധിപത്യത്തെയും വെല്ലുവിളിക്കുകയാണെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആരോപിച്ചു. കഴിഞ്ഞ കൗൺസിലിൽ പ്രതിപക്ഷത്തെ ഭരണപക്ഷം അവഗണിക്കുന്നുവെന്ന് പറഞ്ഞ് ബി.ജെ.പി അംഗങ്ങൾ ബഹളം വച്ചപ്പോൾ ആ വിഷയം ജനാധിപത്യ രീതിയിൽ ചർച്ച ചെയ്യാതെ മുഴുവൻ അജണ്ടകളും ചർച്ചയില്ലാതെ പാസാക്കി ഭരണകക്ഷി അംഗങ്ങൾ ഇറങ്ങിപ്പോകുകയായിരുന്നു.

തുടർന്ന് തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് കൗൺസിൽ യോഗം വിളിക്കുകയും വളരെ വൈകി കൗൺസിൽ ആരംഭിക്കുകയും പ്രതിപക്ഷ കൗൺസിലർമാർ പ്രാഥമിക ആരോഗ്യ കേന്ദ്ര വിഷയം എടുത്തിട്ടതിന് മറുപടിയില്ലാതെ 61 അജണ്ടകളും പാസാക്കി ഭരണപക്ഷം ഇറങ്ങിപ്പോകുകയുമാണ് ചെയ്തതെന്ന് കോൺഗ്രസ് മേത്തല മണ്ഡലം പ്രസിഡന്റ് വി.എം ജോണി, കൊടുങ്ങല്ലൂർ മണ്ഡലം പ്രസിഡന്റ് ഇ.എസ് സാബു എന്നിവർ ആരോപിച്ചു.