rafi

പാലസ് റസിഡന്റ്‌സ് അസോസിയേഷൻ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി: വി.കെ. രാജു ഉദ്ഘാടനം ചെയ്യുന്നു.

ചാലക്കുടി: റസിഡന്റ്‌സ് അസോസിയേഷനുകൾ വഴി അമ്മമാരുടെ പ്രത്യേക ശ്രദ്ധയിൽ പഴയകാല മാനുഷികബന്ധങ്ങൾ പുനഃസ്ഥാപിക്കാൻ സാധിക്കുമെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി: വി.കെ. രാജു. പാലസ് റസിഡന്റ്‌സ് അസോസിയേഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അമിതമായ സാമ്പത്തിക സ്വാതന്ത്ര്യം ലഭിക്കുമ്പോൾ കുട്ടികൾ പലരും മയക്കുമരുന്നുകൾക്ക് അടിമകളാക്കുകയാണ്. ലഹരിയിൽ നിന്ന് കുട്ടികളെ രക്ഷിക്കാൻ ജാതി, മത, വർഗ, വർണ, രാഷ്ട്രീയ, ലിംഗ വ്യത്യാസമില്ലാതെ പ്രവർത്തിക്കുന്ന റെസിഡന്റ്‌സ് അസോസിയേഷനുകൾ സജീവമാകണമെന്ന് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. നഗരസഭാ ചെയർമാൻ എബി ജോർജ് രാഘവൻ തിരുമുൽപ്പാട് അനുസ്മരണ പ്രഭാഷണം നടത്തി. പ്രസിഡന്റ് വിൽസൻ കല്ലൻ അദ്ധ്യക്ഷനായിരുന്നു. അസോസിയേഷൻ കുടുംബാംഗങ്ങളിൽ അംഗീകാരത്തിന് അർഹരായവരെ ആദരിച്ചു. അന്തർദേശീയ തലത്തിൽ ആതുരസേവന രംഗത്ത് സ്തുത്യർഹ സേവനത്തിനുള്ള 'ഡെയ്‌സി അവാർഡി'നർഹയായ എൽസി വിൽസൻ, കേന്ദ്ര സർക്കാരിന്റെ എൽ.എസ്.എസ് സ്‌കോളർഷിപ്പ് വിന്നർ ആരാദ്ധ്യ രവികുമാർ, ദേശീയ ടേബിൾ ടെന്നീസ് താരം രുക്മിണി വർമ്മ, നഗരസഭയിലെ ജൈവ കർഷക അവാർഡ് നേടിയ വിഷ്ണു നമ്പൂതിരി എന്നിവരെ ചടങ്ങിൽ ആദരിച്ചു. ചാലക്കുടിയിൽ നിന്ന് റബ്ബർ ബോർഡ് വൈസ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട കെ.എ. ഉണ്ണിക്കൃഷ്ണൻ, തൃശൂർ പ്രസ് ക്ലബ് ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട റാഫി എം. ദേവസി, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ആഞ്ചലോ തിയോഫിൻ, മേഘന സെബി, പവൻ പി. മേനോൻ, ജെസീറ്റ ഷൈജു, സംവേധ വേണു, മരിയ ജോസ്, അക്ഷയ് ടോണി, ആകാശ് ഡേവിസ് എന്നീ വിദ്യാർത്ഥികളെയും മെമെന്റോ നൽകി ആദരിച്ചു. കൗൺസിലർമാരായ സി.എസ്. സുരേഷ്, വി.ജെ. ജോജി, ടി.ഡി. എലിസബത്ത്, സൗമ്യ രാംകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. ജനറൽ സെക്രട്ടറി കെ. മുരാരി സ്വാഗതവും ജോയിന്റ് സെക്രട്ടറി അഡ്വ. രാംകുമാർ നന്ദിയും പറഞ്ഞു.