 കാഞ്ഞാണിയിൽ നിന്നാരംഭിച്ച റോഡ് നിർമ്മാണ പ്രവൃത്തി മുരളി പെരുനെല്ലി എം.എൽ.എയുടെ നേതൃത്വത്തിൽ വിലയിരുത്തുന്നു.
കാഞ്ഞാണിയിൽ നിന്നാരംഭിച്ച റോഡ് നിർമ്മാണ പ്രവൃത്തി മുരളി പെരുനെല്ലി എം.എൽ.എയുടെ നേതൃത്വത്തിൽ വിലയിരുത്തുന്നു.
റോഡ് തകർന്ന് കിടന്നത് രണ്ട് വർഷം
കാഞ്ഞാണി: അമൃതം കുടിവെള്ളം പദ്ധതി സമയബന്ധിതമായി നടപ്പിലാകാത്തതിനാൽ പൊട്ടിപ്പൊളിഞ്ഞു കിടന്നിരുന്ന കാഞ്ഞാണി - മുല്ലശ്ശേരി റോഡിൽ ബി.എം ആൻഡ് ബി.സി ടാറിംഗ് തുടങ്ങി. നാലേമുക്കാൽ കോടി ചെലവഴിച്ചാണ് മണലൂർ നിയോജക മണ്ഡലത്തിലെ കാഞ്ഞാണി കപ്പേള മുതൽ മുല്ലശ്ശേരി വരെയുള്ള ഭാഗത്ത് ടാറിംഗ് ആരംഭിച്ചത്. ഏഴേകാൽ കിലോമീറ്ററിൽ ഭൂരിഭാഗവും സ്ഥലത്ത് റോഡ് ഉയർത്തിയാണ് ടാർ ചെയ്യുന്നത്. മുരളി പെരുനെല്ലി എം.എൽ.എ കാഞ്ഞാണിയിൽ പ്രവൃത്തി വിലയിരുത്തി. രണ്ട് വർഷം മുമ്പാണ് റോഡ് നിർമ്മാണത്തിനായി ടെൻഡർ നൽകിയത്. അമൃതം കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള പൈപ്പിടൽ നീണ്ടു പോയതിനാൽ കരാറുകാരൻ പദ്ധതി ഉപേക്ഷിച്ചു. ഇതാണ് നിർമ്മാണം വൈകാൻ കാരണമായത്. തുടർന്ന് എം.എൽ.എ ഇക്കാര്യം നിയമസഭയിൽ ഉന്നയിക്കുകയും പൊതുമരാമത്ത് മന്ത്രി പ്രശ്‌നത്തിൽ ഇടപെട്ട് എസ്റ്റമേറ്റ് റിവൈസ് ചെയ്യുകയും ചെയ്തിരുന്നു. പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കി നാലേ മുക്കാൽ കോടി അധികം അനുവദിച്ചാണ് നിർമ്മാണം നടത്തുന്നതെന്നും എം.എൽ.എ പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരായ സി.ജി. ഷാജി, എം.എച്ച്. ഷൈമ, സി.പി.എം മണലൂർ ലോക്കൽ സെക്രട്ടറി കെ.വി. ഡേവീസ്, പി.എസ്. പ്രസാദ്, ജനാർദ്ദനൻ മണ്ണുമ്മൽ എന്നിവരും എം.എൽ.എയ്ക്കൊപ്പം സ്ഥലത്തെത്തിയിരുന്നു.