പുതുക്കാട്: ദേശീയതലത്തിൽവരെ ശ്രദ്ധിക്കപ്പെട്ട പുതുക്കാട് മണ്ഡലത്തിലെ നേദ്യ കഥളി വാഴക്കൃഷിയായ കഥളീവനം പദ്ധതി പുനരാരംഭിക്കുന്നു. ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ആവശ്യമായി വന്നിരുന്ന മുഴുവൻ കഥളിപ്പഴവും വർഷങ്ങളായി പുതുക്കാട് മണ്ഡലത്തിലെ കർഷകർ കൃഷി ചെയ്ത്, മറ്റത്തൂർ ലേബർ സഹകരണ സംഘം സംഭരിച്ച് പഴമാക്കി നൽകുകയായിരുന്നു. ഗുരുവായൂർ ക്ഷേത്രത്തിന്റെ ആവശ്യത്തിന് ശുദ്ധമായ കഥളിപ്പഴം ലഭിക്കുന്നതോടൊപ്പം മണ്ഡലത്തിലെ വാഴക്കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാനുതകുന്ന പദ്ധതി എം.എൽ.എ ആയിരുന്ന പ്രൊഫ. സി. രവീന്ദ്രനാഥ് 2009ൽ ആവിഷ്‌കരിച്ച് നടപ്പിലാക്കിയതായിരുന്നു. കൊവിഡ് രൂക്ഷമായതോടെയാണ് പദ്ധതി മുടങ്ങിയത്. കദളീവനം പദ്ധതി പുനരാരംഭിക്കുന്നത് സംബന്ധിച്ച് ബന്ധപ്പെട്ടവരുടെ യോഗം കൊടകര ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടത്തി. കെ.കെ. രാമചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത്ത്, ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ ഡോ. വി.കെ. വിജയൻ, ഗുരുവായൂർ ദേവസ്വം ബോർഡ് അഡ്മിനിസ്‌ട്രേറ്റർ കെ.പി. വിനയൻ, കുടുംബശ്രീ ജില്ലാ ഓഫീസർ എസ്.സി. നിർമ്മൽ, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ കെ.എൻ. ദീപ, ശ്രുതി ബിനീഷ്, മറ്റത്തൂർ ലേബർ സർവീസ് സൊസൈറ്റി പ്രസിഡന്റ് സി.വി. രവി, സെക്രട്ടറി കെ.പി. പ്രശാന്ത് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ഗുരുവായൂർ ദേവസ്വത്തിന് നിത്യ പൂജയ്ക്കായി കദളിപ്പഴം വിതരണം ചെയ്യുന്നതിനായി തൃശൂർ ജില്ലാ കുടുംബശ്രീ മിഷനെ ചുമതലപ്പെടുത്തി സംസ്ഥാന സർക്കാർ ഉത്തരവ് ഇറങ്ങിയിരുന്നു.

ദേവസ്വം ഭരണസമിതിയുമായി ആലോചിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും.
-ഡോ. വി.കെ. വിജയൻ
(ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ)

നാൽപ്പതിനായിരം വനിതകളെ കൃഷിയിലേക്കിറക്കുന്ന പൊലിമ പുതുക്കാട് കാർഷിക പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ കുടുംബശ്രീ അയൽക്കൂട്ടങ്ങൾ വഴിയും മറ്റു കർഷകരെ ഉൾക്കൊള്ളിച്ചും ഗുരുവായൂർ ദേവസ്വത്തിന് ആവശ്യമായ കദളിപ്പഴം നൽകും. അതിന് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ.
-കെ.കെ. രാമചന്ദ്രൻ
(എം.എൽ.എ)